തിരുവനന്തപുരം: കോടതി നിർദേശത്തെ തുടർന്നാണ് സംസ്ഥാന വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ചതെന്ന് വഖഫ് മന്ത്രി എൻ. ഷംസുദ്ദീൻ. മുൻ സർക്കാരിന്റെ കാലത്തെ നിയമനങ്ങളുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും ഇതുസംബന്ധിച്ച് കോടതിയിൽ മൂന്ന് കേസുകൾ നിലനിന്നിരുന്നുവെന്നും മന്ത്രി വിശദീകരിച്ചു. ഈ സാഹചര്യത്തിലാണ് ബോർഡ് പുനഃസംഘടിപ്പിക്കാൻ നിർദേശം വന്നതെന്നും അദ്ദേഹം പറഞ്ഞു.
സർക്കാരും മുന്നണിയും കൂടിയാലോചിച്ചാണ് പുനഃസംഘടന സംബന്ധിച്ച തീരുമാനമെടുത്തതെന്നും മന്ത്രി വ്യക്തമാക്കി. വിവിധ വിഭാഗങ്ങളുമായി ചർച്ച നടത്തിയ ശേഷമാണ് തീരുമാനത്തിലെത്തിയത്. സമസ്തയുടെ ഇരുവിഭാഗങ്ങൾക്കും ബോർഡിൽ പങ്കാളിത്തമില്ലെന്ന ചോദ്യത്തോടായിരുന്നു മന്ത്രിയുടെ പ്രതികരണം. അതേസമയം, ജമാഅത്തെ ഇസ്ലാമിയുടെ പ്രാതിനിധ്യം സംബന്ധിച്ച ചോദ്യത്തിന് അദ്ദേഹം മറുപടി നൽകിയില്ല.
പുനഃസംഘടനയുടെ ഭാഗമായി എം.സി. മായിൻ ഹാജിയെ പുതിയ വഖഫ് ബോർഡ് ചെയർമാനായി തിരഞ്ഞെടുത്തു. എം.ബി. മുസ്തഫൽ ഫൈസി, ഷിറാസ് ബി. കപ്പാസി, കുറുക്കോളി മൊയ്തീൻ, അബ്ദുൽ മജീദ് സലാഹി എന്നിവരും പുതിയ ബോർഡിൽ ഉൾപ്പെട്ടിട്ടുണ്ട്.
വിവിധ വിഭാഗങ്ങൾക്കായി നിശ്ചയിച്ചിട്ടുള്ള പ്രത്യേക ക്വാട്ടകൾ അനുസരിച്ചാണ് നിയമനങ്ങൾ നടത്തിയതെന്ന് മന്ത്രി അറിയിച്ചു. സർക്കാർ അമുസ്ലിം പ്രതിനിധികളെ നാമനിർദേശം ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിലെ ബോർഡ് പിരിച്ചുവിട്ടാണ് സമ്പൂർണ പുനഃസംഘടന നടപ്പാക്കിയത്.
സമസ്ത, ദക്ഷിണ കേരള ജംഇയ്യത്തുല് ഉലമ, കേരള നദ്വത്തുൽ മുജാഹിദീൻ തുടങ്ങിയ സംഘടനകൾക്ക് പ്രാതിനിധ്യം നൽകിയാണ് പുതിയ ബോർഡ് രൂപീകരിച്ചിരിക്കുന്നത്. സമസ്തയുടെ പ്രതിനിധിയായി എം.ബി. മുസ്തഫൽ ഫൈസിയെയാണ് തീരുമാനിച്ചിരിക്കുന്നത്.
അതേസമയം, മുസ്തഫൽ ഫൈസി നേരത്തെ അച്ചടക്കലംഘനവുമായി ബന്ധപ്പെട്ട് സമസ്ത പുറത്താക്കിയ മുശാവറ അംഗമാണെന്നതും ചർച്ചയായിട്ടുണ്ട്. പുതിയ ബോർഡിന്റെ രൂപീകരണവും വിവിധ സംഘടനകളുടെ പ്രാതിനിധ്യവും സംബന്ധിച്ച വിവാദങ്ങൾക്കിടെയാണ് മന്ത്രിയുടെ വിശദീകരണം പുറത്തുവന്നത്.



