തിരുവനന്തപുരം: സിഎംആർഎൽ–എക്സാലോജിക് കേസിൽ സമൻസ് നൽകാനായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വീട്ടിലെത്തി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ. ഈ മാസം 23ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സമൻസ് നൽകാനാണ് ഉദ്യോഗസ്ഥർ എത്തിയതെന്നാണ് വിവരം. പിണറായി വിജയന് സമൻസ് നൽകുമെന്ന് നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു.
പിണറായി വിജയൻ വീട്ടിലില്ലാത്ത സമയത്താണ് ഇ.ഡി ഉദ്യോഗസ്ഥർ എത്തിയത്. തുടർന്ന് വീടിന് മുന്നിൽ നോട്ടീസ് പതിപ്പിച്ച ശേഷം ഉദ്യോഗസ്ഥർ മടങ്ങി.
അതേസമയം, ചോദ്യം ചെയ്യലിനായി ഈ മാസം 23ന് ഹാജരാകേണ്ടതില്ലെന്നാണ് പിണറായി വിജയന് ലഭിച്ചിരിക്കുന്ന നിയമോപദേശം. റിട്ട് ഹർജി സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെ ഹാജരാകേണ്ടതില്ലെന്നാണ് അഭിഭാഷകരുടെ നിർദേശമെന്നാണ് വിവരം. ഈ ഘട്ടത്തിൽ മുൻകൂർ ജാമ്യം തേടേണ്ടതില്ലെന്നും നിയമോപദേശം ലഭിച്ചിട്ടുണ്ട്.
കോടതി കേസ് പരിഗണിക്കുന്നതുവരെ അസൗകര്യം അറിയിക്കാനാണ് നീക്കം. അറസ്റ്റ് മുന്നിൽക്കണ്ട് മുൻകൂർ ജാമ്യാപേക്ഷ നൽകേണ്ടതില്ലെന്നും പിണറായി വിജയൻ തീരുമാനിച്ചതായാണ് റിപ്പോർട്ട്. ദേശീയതലത്തിൽ ഇ.ഡി വേട്ടയെന്ന ആരോപണം ഉയർത്തിയും ഭരണഘടനാപരമായ വിഷയങ്ങൾ ചൂണ്ടിക്കാട്ടിയും കേസിനെ പ്രതിരോധിക്കാനാണ് സി.പി.ഐ.എം നീക്കം.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം രണ്ട് എൻഫോഴ്സ്മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ടുകളാണ് ഇ.ഡി രജിസ്റ്റർ ചെയ്തിരിക്കുന്നത്. പിണറായി വിജയന് പുറമെ മുൻ മന്ത്രി മുഹമ്മദ് റിയാസിനെതിരെയും കേസെടുത്തിട്ടുണ്ട്. വിജിലൻസ് രജിസ്റ്റർ ചെയ്ത കേസുകളുടെ അടിസ്ഥാനത്തിലാണ് ഇ.ഡി നടപടി.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം നേരിട്ട് അന്വേഷണം നടത്തുന്നതിന്, അഴിമതി നിരോധന നിയമത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന ഏജൻസി കേസ് രജിസ്റ്റർ ചെയ്തിരിക്കണമെന്ന നിയമവ്യവസ്ഥയുണ്ട്. വിജിലൻസ് രജിസ്റ്റർ ചെയ്ത രണ്ട് എഫ്.ഐ.ആറുകളിലൂടെ ഇ.ഡിക്ക് മുന്നിലുണ്ടായിരുന്ന ഈ നിയമതടസ്സം നീങ്ങിയതോടെയാണ് കേസെടുത്തത്.



