മാന്നാർ: ഷാപ്പിലുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ ഇടിവള ഉപയോഗിച്ച് മർദിച്ച് പരിക്കേൽപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. വള്ളക്കാലി മേൽപ്പാടം ചിറ്റാടിയിൽ വീട്ടിൽ വിമൽകുമാർ (41) ആണ് മാന്നാർ പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം. കള്ള് ഷാപ്പിൽ വച്ച് ഉണ്ടായ വാക്കുതർക്കത്തിനിടെ പ്രതി കൈയിൽ കരുതിയിരുന്ന ഇടിവള ഉപയോഗിച്ച് യുവാവിന്റെ മുഖത്തും മൂക്കിലും മർദിക്കുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആദ്യം പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതിയെ ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് പിടികൂടിയത്. കട്ടപ്പന പുളിയന്മലയിൽ നിന്നാണ് വിമൽകുമാറിനെ അറസ്റ്റ് ചെയ്തത്.
പ്രതിക്കെതിരെ മാന്നാർ, വീയപുരം പൊലീസ് സ്റ്റേഷനുകളിൽ നേരത്തെ മറ്റ് കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ വിമൽകുമാറിനെ റിമാൻഡ് ചെയ്തു.











