കൊച്ചി: കുടിശിക മൂലം ഇന്റർനെറ്റ് വിഛേദിച്ചതോടെ ദൃശ്യങ്ങൾ അയയ്ക്കുന്നത് നിർത്തിയിരുന്ന റോഡിലെ ക്യാമറകൾ വീണ്ടും ജോലി തുടങ്ങി. ഗതാഗത നിയമ ലംഘന ദൃശ്യങ്ങൾ ഇന്നലെ മുതൽ കലക്ടറേറ്റിലെ ആർടിഒ കൺട്രോൾ റൂമിൽ എത്തുന്നുണ്ട്. എറണാകുളം ജില്ലയിലെ റോഡുകളിൽ മോട്ടർ വാഹന വകുപ്പ് സ്ഥാപിച്ചിരുന്ന ക്യാമറകളിൽ നിന്ന് കഴിഞ്ഞ 29 മുതൽ റോഡിലെ ദൃശ്യങ്ങളൊന്നും കൺട്രോൾ റൂമിൽ ലഭിച്ചിരുന്നില്ല. ക്യാമറകളുടെ ചുമതലക്കാരായ കെൽട്രോൺ കുടിശിക നൽകാത്തതിനാൽ ജിയോ കമ്പനി ഇന്റർനെറ്റ് കണക്ഷൻ വിഛേദിച്ചതാണ് കാരണം. സർക്കാരാണ് കെൽട്രോണിനു പണം നൽകേണ്ടിയിരുന്നത്.
രണ്ടാഴ്ചയായി കെട്ടിക്കിടന്നിരുന്ന നിയമ ലംഘന ദൃശ്യങ്ങളാണ് ഇപ്പോൾ കൺട്രോൾ റൂമിൽ ലഭിക്കുന്നത്. ഇന്റർനെറ്റ് വിഛേദിച്ചതോടെ ദൃശ്യങ്ങൾ അയയ്ക്കുന്നത് നിർത്തിയെങ്കിലും ദൃശ്യങ്ങൾ പകർത്തുന്ന ജോലി ക്യാമറ നിർത്തിയിരുന്നില്ല. ഈ പകർത്തിയ ദൃശ്യങ്ങളാണ് ആദ്യം പുറത്ത് വരുക. ഇരുപതിനായിരത്തോളം നിയമ ലംഘന ദൃശ്യങ്ങൾ രണ്ടാഴ്ച കൊണ്ട് ക്യാമറകൾ ശേഖരിച്ചു വച്ചിരുന്നു. ഇന്റർനെറ്റ് പുനഃസ്ഥാപിച്ചതോടെ ഇവയാണ് ക്യാമറകളിൽ നിന്ന് ആദ്യം ലഭിക്കുന്നത്. മാസം തോറും 35,000–40,000 നിയമ ലംഘനങ്ങളുടെ ദൃശ്യങ്ങൾ ലഭിക്കുന്നു



