കൊല്‍ക്കത്ത: ജമ്മുകശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനുമായുള്ള എല്ലാ ക്രിക്കറ്റ് ബന്ധങ്ങളും ഇന്ത്യ അവസാനിപ്പിക്കണമെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്റുമായിരുന്ന സൗരവ് ഗാംഗുലി.
‘പാക്കിസ്ഥാനുമായുള്ള ക്രിക്കറ്റ് ബന്ധം അവസാനിപ്പിക്കേണ്ടത് അത്യാവശ്യമാണ്. കർശന നടപടി സ്വീകരിക്കണം. എല്ലാ വര്‍ഷവും ഇത്തരം കാര്യങ്ങള്‍ സംഭവിക്കുന്നത് തമാശയല്ല. തീവ്രവാദം പ്രോത്സാഹിപ്പിക്കാൻ കഴിയില്ല’, വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് ഗാംഗുലി പറഞ്ഞു. വര്‍ഷങ്ങളായി ഇന്ത്യ – പാക്കിസ്ഥാൻ പരമ്പരകള്‍ നടക്കാറില്ല. ഐസിസി ടൂര്‍ണമെന്റുകളിലും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന് കീഴില്‍ നടക്കുന്ന ഏഷ്യാ കപ്പിലും മാത്രമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് മത്സരങ്ങള്‍ നടക്കാറുള്ളത്. 2008-ലെ മുംബൈ ഭീകരാക്രമണത്തോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ ബന്ധങ്ങള്‍ വഷളായതിനാല്‍, 2008-ല്‍ ഏഷ്യാ കപ്പില്‍ പങ്കെടുത്തതിനുശേഷം ഇന്ത്യ, പാക്കിസ്ഥാനില്‍ പര്യടനം നടത്തിയിട്ടില്ല.
അടുത്തിടെ പാക്കിസ്ഥാനില്‍ നടന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്കായും ഇന്ത്യ, പാക്കിസ്ഥാനിലേക്ക് യാത്ര ചെയ്തിരുന്നില്ല. പകരം ടൂര്‍ണമെന്റ് ഹൈബ്രിഡ് മോഡലിലാക്കി ഇന്ത്യയുടെ മത്സരങ്ങളെല്ലാം ദുബായില്‍ നടത്തിയിരുന്നു. 2024-2027 കാലയളവിൽ ഇന്ത്യയിലോ
പാക്കിസ്ഥാനിലോ നടക്കുന്ന എല്ലാ ഐസിസി ടൂര്‍ണമെന്റുകള്‍ക്കും ഹൈബ്രിഡ് മോഡല്‍ ഏര്‍പ്പെടുത്താന്‍ ഐസിസി തീരുമാനിച്ചിരുന്നു.






