കാഫിർ സ്ക്രീൻഷോട്ട് സംഭവം നമ്മളാരും മറക്കുവാൻ വഴിയില്ല. കേരള രാഷ്ട്രീയത്തിൽ ആ സ്ക്രീൻഷോട്ട് സൃഷ്ടിച്ച രാഷ്ട്രീയ വിവാദം അത്രമേൽ വലുതായിരുന്നു. ഒരുപക്ഷേ സമൂഹത്തിൽ ആഴത്തിലുള്ള വർഗീയ കലാപത്തിന് പോലും തിരികൊളുത്തുവാൻ ശക്തിയുള്ളതായിരുന്നു അന്നത്തെ വിവാദം. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ വടകരയിൽ വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് സിപിഎം ഇറക്കിയ കാഫിർ സ്ക്രീൻ ഷോട്ട് കേസ് ആഭ്യന്തരവകുപ്പ് അട്ടിമറിക്കുന്നു. കേസിൽ ഒരുവർഷം പിന്നിട്ടിട്ടും കുറ്റപത്രം സമർപ്പിക്കാൻ പൊലീസിന് സാധിച്ചില്ല.
വിവാദ സ്ക്രീൻഷോട്ട് സൃഷ്ടിച്ചത് ഉന്നത സിപിഎം നേതാവിന്റെ കുടുംബത്തിൽ നിന്നാണെന്ന ആരോപണം നിലനിൽക്കുമ്പോഴാണ് പാർട്ടിക്കുവേണ്ടി കേസ് അട്ടിമറിക്കുന്നത്. ഒരു വർഷം കഴിഞ്ഞിട്ടും മുഖ്യപ്രതിയെ കണ്ടെത്താനോ കുറ്റപത്രം നൽകാനോ പൊലീസ് തയ്യാറാവാത്തതിനെതിരെ വീണ്ടും ഹൈക്കോടതിയെ സമീപിക്കുമെന്ന് കേസിൽ പ്രതിചേർക്കപ്പെട്ട എംഎസ്എഫ് നേതാവ് മുഹമ്മദ് കാസിം വ്യക്തമാക്കി.
പരസ്യപ്രചാരണം തീരുന്നദിവസം വടകരയിലെ എൽഡിഎഫ് സ്ഥാനാർഥി കെ.കെ ശൈലജയെ കാഫിറായ സ്ത്രീയായി ചിത്രീകരിച്ച് എംഎസ്എഫ് നേതാവ് മുഹമ്മദ് കാസിമിന്റ പേരിൽ സ്ക്രീൻഷോട്ട് പ്രചരിച്ചത്. ലീഗാണ് ഇതിന് പിന്നിലെന്ന് ആരോപിച്ച സിപിഎം മണ്ഡലത്തിൽ വർഗീയ ധ്രുവീകരണമായിരുന്നു ലക്ഷ്യമിട്ടത്. എന്നാൽ കേസ് ഹൈക്കോടതിയിൽ എത്തിയപ്പോൾ വാദിതന്നെ പ്രതിയായ് മാറി. മതവിദ്വേഷം പരത്തുന്ന സ്ക്രീൻഷോട്ട് ആദ്യം പ്രചരിച്ചത് ഇടത് സൈബർ ഗ്രൂപ്പുകളിലാണെന്ന് പൊലീസ് കോടതിയെ ബോധിപ്പിച്ചു. റെഡ് എൻകൗണ്ടർ വാട്സ് ആപ് ഗ്രൂപ്പിലും റെഡ് ബറ്റാലിയൻ എന്ന വാട്സ് ആപ്പ് വഴിയും ‘കാഫിർ’ വ്യാജ സ്ക്രീൻ ഷോട്ട് ലഭിച്ചെന്നും പൊലീസ് ഹൈക്കോടതിയിൽ നൽകിയ വിശദമായ റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരുന്നു.
2024 ഏപ്രിൽ 25ന് ഉച്ചക്ക് 2.13നാണ് റെഡ് എൻകൗണ്ടർ വാട്സ്ആപ്പ് ഗ്രൂപ്പിൽ സ്ക്രീൻഷോട്ട് ആദ്യം പ്രത്യക്ഷപ്പെട്ടതെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നത്. ഏപ്രിൽ 25ന് ഉച്ചക്ക് 2.34ന് റെഡ് ബറ്റാലിയൻ വാട്സ്ആപ്പ് ഗ്രൂപ്പിലും സ്ക്രീൻഷോട്ട് പോസ്റ്റ് ചെയ്തു. അമൽ റാം എന്ന വ്യക്തിയാണ് അവിടെ പോസ്റ്റ് ചെയ്തത്. അന്നേ ദിവസം വൈകീട്ട് മൂന്നിന് അമ്പാടിമുക്ക് സഖാക്കൾ എന്ന ഫേസ്ബുക്ക് പേജിൽ സ്ക്രീൻഷോട്ട് പ്രചരിച്ചു. അതിൽ അഡ്മിൻ മനീഷ് ആണ് സ്ക്രീൻഷോട്ട് പോസ്റ്റ് ചെയ്തത്. രാത്രി 8.23ന് പോരാളി ഷാജിയുടെ ഫേസ്ബുക്ക് പേജിലും സ്ക്രീൻഷോട്ട് പ്രചരിച്ചു. അഡ്മിൻ അബ്ബാസ് ആണ് പോരാളി ഷാജി പേജിൽ ഇത് പോസ്റ്റ് ചെയ്തതെന്നും പൊലീസ് സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞിരുന്നു. സിപിഎം അനുകൂല സൈബർ ഗ്രൂപ്പിന്റെ അഡ്മിൻമാരെ ചോദ്യം ചെയ്തപ്പോഴാണ് ഡിവൈഎഫ്ഐ നേതാവ് റിബേഷിന്റെ ഫോണിൽ നിന്നാണ് സ്ക്രീൻഷോട്ട് ആദ്യമായി ലഭിച്ചതെന്ന് വ്യക്തമായത്. എന്നാൽ ഇതാരാണ് നിർമിച്ചതെന്ന് കണ്ടെത്താൻ ഫോണുകൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചെങ്കിലും റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന കള്ളമാണ് പൊലീസ് ആവർത്തിക്കുന്നത്.
ഫെയ്സ്ബുക്കിൻ്റെ മാതൃകമ്പനിയായ മെറ്റയിൽ നിന്ന് വിവരങ്ങൾ ലഭിക്കാത്തതും തുടരന്വേഷണത്തെ ബാധിച്ചിട്ടുണ്ടെന്നാണ് പൊലീസിന്റ ന്യായം. എന്നാൽ സാമുദായിക കലാപം ലക്ഷ്യമിട്ട് വർഗീയത പരത്തിയ ഡിവൈഎഫ്ഐ നേതാവിനെ മാതൃകാപരമായ് ചോദ്യം ചെയ്യാൻ പോലും പൊലീസ് തയ്യാറായില്ല. കേസിൽ ഡിവൈഎഫ്ഐ വടകര ബ്ലോക്ക് പ്രസിഡന്റ് റിബേഷ് രാമകൃഷ്ണനെതിരെ പൊതുവിദ്യാഭ്യാസ വകുപ്പിന് കൊടുത്ത പരാതിയും അട്ടിമറിക്കപ്പെട്ടിരുന്നു. സർവീസ് നിയമങ്ങളും കെഇആർ ചട്ടവും ലംഘിച്ച് റിബേഷിന് എതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്നതിന് പകരം അന്വേഷണം മറ്റൊരു വഴിക്ക് തിരിച്ചുവിട്ട് ഇയാളെ സംരക്ഷിക്കാനുള്ള നടപടിയാണ് വിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചത്. സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് ചേർന്നാണ് വ്യാജ സ്ക്രീൻഷോട്ട് കേസ് അട്ടിമറിക്കുന്നതെന്ന് ഇതിൽ നിന്ന് വ്യക്തം. കെ കെ ശൈലജ എന്ന നേതാവിനെ സംബന്ധിച്ചും കാഫിർ സ്ക്രീൻഷോട്ട് വിവാദം ഗുണത്തേക്കാൾ കൂടുതൽ ദോഷമായിരുന്നു സൃഷ്ടിച്ചത്. പൊതുവേ മതേതര വാദിയെന്ന് കേരളം വിലയിരുത്തിയ അവരെ വർഗീയതയുടെ പട്ടം ചാർത്തുന്നതിലേക്ക് പോലും ആ വിവാദം വഴിയൊരുക്കി.




