കണ്ണൂർ: യുവതിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. പായം സ്വദേശിയായ സ്നേഹ (24 ) യുടെ ആത്മഹത്യയിൽ ഭർത്താവ് ജിനീഷിനെ പോലീസ് അറസ്റ്റ് ചെയ്തു. ജിനീഷിനെതിരെ ഗാർഹിക സ്ത്രീധന പീഡനം സ്നേഹയുടെ ബന്ധുക്കൾ ആരോപിച്ചു.
സ്ത്രീധനത്തിന്റെ പേരിലും, കുഞ്ഞിൻറെ നിറം തന്റേതു പോലെയല്ല എന്ന് പറഞ്ഞുമാണ് സ്നേഹയെ ഭർത്താവ് ജിനീഷ് പീഡിപ്പിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു. തുടർന്നാണ് ജിനീഷിനെ പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. മരണത്തിനു മുൻപ് ഭർത്താവ് ഫോണിൽ വിളിച്ച് മാനസികമായി പീഡിപ്പിച്ചിരുന്നു. ഇതിനുശേഷം സ്നേഹ പൊട്ടിക്കരയുന്നത് വീട്ടിലുള്ളവർ കണ്ടതായി മൊഴിയുണ്ട്.
വിവാഹം കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ സ്ത്രീധനത്തിന്റെ പേരിൽ മാനസികമായും ശാരീരികമായും പീഡനം തുടങ്ങിയിരുന്നു എന്നാണ് ബന്ധുക്കളുടെ പരാതി. പലതവണ പോലീസിൽ പരാതിപ്പെട്ടപ്പോഴും ഒത്തുതീർപ്പാക്കപ്പെട്ടു. എന്നാൽ പീഡനങ്ങൾ അവസാനിച്ചില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. സംശയരോഗം ആയിരുന്നു ഭർത്താവിനെന്ന് യുവതിയുടെ അമ്മാവൻ പറഞ്ഞു.
മരണത്തിന്റെ ഉത്തരവാദിത്തം ഭർത്താവിനും അയാളുടെ മാതാപിതാക്കൾക്കും ആണെന്നും സ്നേഹയുടെ ആത്മഹത്യ കുറിപ്പിലും ഉണ്ടായിരുന്നു. ഇന്നലെയാണ് സ്നേഹ സ്വന്തം വീട്ടിൽ തൂങ്ങി മരിച്ചത്. 2020 ജനുവരിയിൽ ആയിരുന്നു സ്നേഹയുടെയും ജിനീഷിന്റെയും വിവാഹം. കുറച്ചു മാസങ്ങൾ കഴിഞ്ഞപ്പോൾ തന്നെ സ്ത്രീധനത്തിന്റെ പേരിൽ പ്രശ്നങ്ങൾ തുടങ്ങി. പിന്നീട് കുട്ടി ഉണ്ടായിക്കഴിഞ്ഞപ്പോഴും ഉപദ്രവം തുടർന്നു. ജിനീഷിന്റെ മാതാപിതാക്കളും ഉപദ്രവിച്ചിരുന്നു. പലപ്പോഴും രാത്രി സമയത്ത് പോലും അവിടെനിന്ന് കൂട്ടിക്കൊണ്ട് വരേണ്ടി വന്നിട്ടുണ്ടെന്നും ബന്ധുക്കൾ പരാതികൾ പറയുന്നു.
ലോറി ഡ്രൈവർ ആണ് ഭർത്താവ് ജിനീഷ്. കുഞ്ഞിന് മൂന്നു വയസ്സാണ് പ്രായം. മൃതദേഹം പരിയാരം മെഡിക്കൽ കോളജിൽ കോളജിൽ പോസ്‌റ്റ്‌മോർട്ടം ചെയ്ത ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.






