കൊച്ചി: നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിൽ വീണ്ടും ബോംബ് ഭീഷണി. ഡിഐജിയുടെ ഔദ്യോഗിക ഇമെയ്ലിലേക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഹിസ്ബുൾ മുജാഹിദീന്റെ പേരിലാണ് ഭീഷണി സന്ദേശം. വിമാനത്താവളത്തിൽ ബോംബ് സ്ക്വാഡ് പരിശോധന നടത്തി.
കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സംസ്ഥാനത്തെ പലയിടങ്ങളിലും വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ ലഭിച്ചിരുന്നു. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രിയുടെ ഓഫീസ്, മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ്, ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവൻ, ട്രാൻസ്പോർട്ട് കമ്മീഷണറുടെ ഓഫീസ് എന്നിവിടങ്ങളിലേക്കാണ് നേരത്തേ ഭീഷണി സന്ദേശം ലഭിച്ചത്.
കഴിഞ്ഞ ദിവസം വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് നേരെയും ബോംബ് ഭീഷണി ഉയർന്നിരുന്നു. കമ്മീഷനിംഗ് നടക്കാനിരിക്കെയാണ് ബോംബ് ഭീഷണി ഉണ്ടായത്. മലപ്പുറത്തെ ഒരു കേന്ദ്രത്തിൽ ഇമെയിലിലൂടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. അതേദിവസം തിരുവനന്തപുരത്ത് ഇന്ന് മൂന്നിടങ്ങളിൽ ബോംബ് ഭീഷണി സന്ദേശങ്ങൾ ലഭിച്ചിരുന്നു. ജില്ലാ കോടതി, എഞ്ചിനീയറിംഗ് കോളേജ്, നഗരസഭ എന്നിവിടങ്ങളിലാണ് സന്ദേശം ലഭിച്ചത്. സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പോലീസ്.




