മലപ്പുറം: മലപ്പുറം ചട്ടിപ്പറമ്പിൽ കാർ ആക്‌സസറീസ് കടയുടെ മറവിൽ എം.ഡി.എം.എ വിൽപ്പന നടത്തിയിരുന്ന രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പാങ്ങ് ചെന്നനപറമ്പ് സ്വദേശി മുഹമ്മദ് സാദിഖ് (28), കടുങ്ങപുരം സ്വദേശി മനേഷ് (25) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 2.530 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.
മലപ്പുറം ഡിവൈ.എസ്.പി സുഭാഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും മലപ്പുറം പോലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്. യുവാക്കളെയും വിദ്യാർഥികളെയും ലക്ഷ്യമിട്ടായിരുന്നു ലഹരി വിൽപ്പന നടത്തിയിരുന്നതെന്ന് പോലീസ് അറിയിച്ചു.
കാർ ആക്‌സസറീസ് കടയുടെ മുകളിലായി ലഹരി ഉപയോഗത്തിനായി പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിരുന്നുവെന്നും ഗ്ലാസ് ഫ്യൂമുകൾ, ഗ്യാസ് ലൈറ്ററുകൾ, ഇരിപ്പിടങ്ങൾ എന്നിവ ഉപയോഗിച്ചാണ് ലഹരി ഉപയോഗത്തിനും വിൽപ്പനയ്ക്കും സൗകര്യം ഒരുക്കിയിരുന്നതെന്നും അന്വേഷണത്തിൽ കണ്ടെത്തി.
അതേസമയം, സുൽത്താൻ ബത്തേരിയിൽ മയക്കുമരുന്ന് വിഴുങ്ങി രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെയും പോലീസ് പിടികൂടി. കോഴിക്കോട് പരപ്പൻപൊയിൽ സ്വദേശി സനീഷ് കുമാർ (40) ആണ് അറസ്റ്റിലായത്.
വയനാട് ജില്ലാ പോലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. ബസ് യാത്രക്കാരനായി സഞ്ചരിക്കുകയായിരുന്ന സനീഷ് കുമാറിൽ നിന്ന് 64 ഗ്രാം എം.ഡി.എം.എ കണ്ടെത്തി.
പരിശോധനയ്ക്കിടെ തെളിവ് നശിപ്പിക്കാൻ മയക്കുമരുന്ന് വിഴുങ്ങിയെന്നാണ് പോലീസ് പറയുന്നത്. തുടർന്ന് ഇയാളെ ആശുപത്രിയിലെത്തിച്ച് സ്കാൻ നടത്തിയ ശേഷമാണ് മയക്കുമരുന്ന് ശരീരത്തിനുള്ളിലുണ്ടെന്ന് സ്ഥിരീകരിച്ചത്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.




