മുംബൈ: വന്യജീവികളുടെ മാംസം കഴിച്ചെന്ന് വെളിപ്പെടുത്തിയ ബോളിവുഡ് നടി ഛായാ കദംമിനെതിരെ നടപടിക്കൊരുങ്ങി വനം വകുപ്പ്. ഒരു അഭിമുഖത്തിലാണ് ഛായ ഇക്കാര്യം പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തില്‍ മുംബൈ ആസ്ഥാനമായുള്ള പ്ലാന്റ് ആന്‍ഡ് അനിമല്‍ വെല്‍ഫെയര്‍ സൊസൈറ്റി (PAWS) പരാതി നല്‍കിയിരുന്നു ഇതെതുടര്‍ന്നാണ് നടിക്കെതിരെ വനം വകുപ്പ് നടപടി ആരംഭിച്ചത്. ഛായയെ ഉടന്‍ അന്വേഷണത്തിനായി വിളിപ്പിക്കുമെന്നാണ് വിവിധ ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഒരു റേഡിയോ ചാനലിന് നല്കിയ അഭിമുഖത്തിലാണ് താന്‍ വന്യജീവികളുടെ മാംസം കഴിച്ചതായി ഛായ സമ്മതിച്ചെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അഭിമുഖത്തില്‍ അവര്‍ നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രദേശത്തെ വേട്ടക്കാരെ കണ്ടെത്തുമെന്ന് ഒരു വനംവകുപ്പ് ഉദ്യോഗസ്ഥന് പ്രതികരിച്ചു.
കൂരമാന്‍, മുയല്, കാട്ടുപന്നി, ഉടുമ്പ്, മുള്ളന്‍പന്നി തുടങ്ങിയ സംരക്ഷിത ജീവികളുടെ മാംസം കഴിച്ചതായി ഛായാ കദം അവകാശപ്പെട്ടു എന്നാണ് PAWS നല്കിയ പരാതിയില്‍ പറയുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇത് പൊതുജനങ്ങള്‍ക്ക് തെറ്റായ സന്ദേശം നല്‍കുന്നതാണെന്നും സംഘടന പറയുന്നു. 1972-ലെ വന്യജീവി സംരക്ഷണ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം കുറ്റകരമായതിനാലും, 2002-ലെ ജൈവവൈവിധ്യ നിയമം കൂടി ബാധകമാക്കണമെന്നും നടിക്കും ഇതില്‍ ഉള്‍പ്പെട്ട മറ്റുള്ളവര്‍ക്കുമെതിരെ നിയമനടപടി സ്വീകരിക്കണമെന്നും സംഘടന അഭ്യര്‍ത്ഥിച്ചു.
ലാപതാ ലേഡീസ്, ഓള് വി ഇമാജിന്‍ ആസ് ലൈറ്റ്, മഡ്ഗാവ് എക്സ്പ്രസ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ നടിയാണ് ഛായാ കദം.






