തിരുവനന്തപുരം : സംസ്ഥാനത്തെ ഞെട്ടിച്ച നന്തന്‍കോട് കൂട്ടക്കൊലപാതകക്കേസിലെ പ്രതി കേഡല്‍ ജിൻസൺ രാജയുടെ ശിക്ഷയില്‍ ഇന്ന് വാദം കേള്‍ക്കും. സാത്താന്‍ ആരാധനക്കായി കുടുംബത്തിലെ നാല് പേരെ കൂട്ടക്കൊല ചെയ്ത കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമെന്നാണ് പ്രോസിക്യൂഷന്‍ വാദം. അമ്മയെയും അച്ഛനെയും സഹോദരിയെയും ബന്ധുവിനെയും അടക്കം നാല് പേരെയാണ് കേഡല്‍ മൃഗീയമായി കൊല്ലപ്പെടുത്തിയത്. 2017 ഏപ്രില്‍ 9 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത് .
ക്ലിഫ് ഹൗസിനു സമീപം ബെയ്ന്‍സ് കോംപൗണ്ടിലെ വീട്ടിലാണ് പ്രഫ. രാജ തങ്കം, ഭാര്യ ഡോ. ജീന്‍ പത്മ, മകള്‍ കരോലിന്‍, ബന്ധു ലളിത എന്നിവരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്. അച്ഛന്‍, അമ്മ, സഹോദരി എന്നിവരുടെ മൃതദേഹങ്ങള്‍ പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലും ബന്ധുവിന്റെ ശരീരം വെട്ടിനുറുക്കി ബെഡ്ഷീറ്റിൽ മൂടിയ നിലയിലുമായിരുന്നു പോലീസ് കണ്ടെത്തിയത്. കൊലപാതകം നടത്തിയ ശേഷം ഒളിവില്‍ പോയ കേഡല്‍ ജിന്‍സണ്‍ രാജയെ ദിവസങ്ങള്‍ക്കകം തന്നെ പൊലീസ് പിടികൂടിയിരുന്നു. അതേസമയം പ്രതിക്ക് മാതാപിതാക്കളോടു വിരോധം ഉണ്ടായിരുന്നെന്നും കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു. കേസില്‍ 92 സാക്ഷികളെ വിസ്തരിച്ചിരുന്നു.






