തിരുവനന്തപുരം: കേരളത്തിലെ കപ്പൽ നിർമ്മാണ മേഖലയിൽ വൻ നിക്ഷേപത്തിന് ടാറ്റ ഗ്രൂപ്പ് ഒരുങ്ങുന്നതായി റിപ്പോർട്ട്. 100 കോടി ഡോളർ ( ഏകദേശം പതിനായിരം കോടിയോളം രൂപ) നിക്ഷേപിക്കാനുള്ള പദ്ധതിക്ക് ടാറ്റ ഗ്രൂപ്പ് അനുമതി തേടിയതായി മുഖ്യമന്ത്രി വി.ഡി. സതീശൻ ബ്ലൂംബെർഗിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി. ടാറ്റയുടെ നിർദ്ദേശം സർക്കാർ ഗൗരവമായി പരിഗണിക്കുകയാണെന്നും ഒരു മാസത്തിനുള്ളിൽ ഇതിന് അംഗീകാരം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. പദ്ധതിക്ക് ആവശ്യമായ സ്ഥലം സർക്കാർ വിട്ടുനൽകുമെന്നും അദ്ദേഹം അറിയിച്ചു.
സ്റ്റീൽ, സ്മാർട്ട്‌ഫോണുകൾ, വാഹനങ്ങൾ, കാപ്പി തുടങ്ങിയ വിവിധ മേഖലകളിൽ സാന്നിധ്യമുള്ള ടാറ്റ ഗ്രൂപ്പിനെ സംബന്ധിച്ചിടത്തോളം കപ്പൽ നിർമ്മാണം ഒരു പുതിയ ബിസിനസ്സ് മേഖലയാണ്. ഇന്ത്യയുടെ കപ്പൽ നിർമ്മാണ ശേഷി അതിവേഗം വർദ്ധിപ്പിക്കാനും ആഗോള സമുദ്ര വ്യാപാരത്തിൽ രാജ്യത്തിന്റെ സ്ഥാനം ഉറപ്പിക്കാനുമുള്ള കേന്ദ്ര നീക്കങ്ങളുടെ ഭാഗമായാണ് ഈ നിക്ഷേപത്തെ കാണുന്നത്.












