കോഴിക്കോട്: ആശുപത്രി ജീവനക്കാരിയെ ആക്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ഫറോക്ക് പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ഫറോക്ക് കരുവൻതിരുത്തി സ്വദേശി കടന്നലിൽ വീട്ടിൽ മുഹമ്മദ് മർജഹാൻ (33) ആണ് പിടിയിലായത്.
2024 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഫറോക്ക് താലൂക്ക് ആശുപത്രിയിൽ ജീവനക്കാരിയെ ആക്രമിക്കുകയും കഴുത്തിൽ കുത്തിപ്പിടിച്ച് നെഞ്ചിൽ മർദിക്കുകയും അസഭ്യം പറയുകയും ചെയ്തെന്ന പരാതിയിലാണ് മുഹമ്മദ് മർജഹാനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് അറസ്റ്റിലായ ഇയാൾ റിമാൻഡിലായിരുന്നുവെങ്കിലും പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങി.
ജാമ്യം ലഭിച്ച ശേഷം കോടതിയിൽ ഹാജരാകാതെ ഒളിവിൽ കഴിയുന്നതിനിടെയാണ് വീണ്ടും ഫറോക്ക് പ്രദേശത്ത് എത്തിയെന്ന രഹസ്യവിവരത്തെ തുടർന്ന് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഫറോക്ക് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർമാരായ ഷിബിനും അഖിലേഷും ചേർന്നാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കിയ ഇയാളെ വീണ്ടും റിമാൻഡ് ചെയ്തു.


