കോട്ടയം: ചിങ്ങവനത്ത് നിയന്ത്രണം വിട്ട കാർ വഴിയോരക്കടയിലേക്ക് ഇടിച്ചുകയറി നാലുപേർക്ക് പരിക്ക്. ആശാൻപടിയിലെ വഴിയോര ചായക്കടയിലേക്കാണ് വൈകീട്ട് കാർ ഇടിച്ചുകയറിയത്.
അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം.
എം.സി റോഡരികിലെ ചായക്കടയിലേക്ക് നിയന്ത്രണം തെറ്റിയെത്തിയ കാർ ഇടിച്ചുകയറുകയായിരുന്നു. ഭക്ഷണം കഴിക്കാനെത്തിയവരാണ് അപകടത്തിൽപ്പെട്ടത്.
അപകടത്തിൽപ്പെട്ട കാർ തിരുവനന്തപുരം സ്വദേശികളുടേതാണെന്നാണ് പ്രാഥമിക വിവരം. കാറിലുണ്ടായിരുന്ന യാത്രക്കാർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടതായാണ് റിപ്പോർട്ട്.
വിവരമറിഞ്ഞ് ചിങ്ങവനം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അപകടത്തിന്റെ കാരണം സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.


