റിയാദ് : സിറിയയ്ക്കെതിരെയുള്ള ഉപരോധം നീക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ഇടപെടലിനെ തുടര്‍ന്നാണ് തീരുമാനമെന്ന് ട്രംപ് വ്യക്തമാക്കി. സൗദി സന്ദര്‍ശനത്തിനിടെയാണ് ട്രംപിന്റെ അപ്രതീക്ഷിത പ്രഖ്യാപനം. സിറിയയുടെ ഇടക്കാല പ്രസിഡന്റ് അഹമ്മദ് അല്‍ ഷരായുമായി ഡോണള്‍ഡ് ട്രംപ് ഇന്ന് കൂടിക്കാഴ്ച നടത്തും.
24 വര്‍ഷം സിറിയ ഭരിച്ച ബാഷര്‍ അല്‍ അസദിന്റെ കാലത്താണ് സിറിയയ്ക്കെതിരെ യുഎസ് ഉപരോധം ഏര്‍പ്പെടുത്തിയത്. 2011 മുതല്‍ ജനാധിപത്യ പ്രക്ഷോഭത്തില്‍ വലഞ്ഞ സിറിയയില്‍ അപ്രതീക്ഷിത അട്ടിമറിയിലൂടെ 2024 ഡിസംബര്‍ എട്ടിനാണ് പ്രസിഡന്റ് ബഷാര്‍ അല്‍ അസദിനെ തുരത്തി വിമതസഖ്യം അധികാരം പിടിച്ചത്. അസദ് കുടുംബത്തിന്റെ അരനൂറ്റാണ്ടു പിന്നിട്ട ആധിപത്യത്തിനാണ് അതോടെ അന്ത്യമായത്.






