ആലപ്പുഴ: തപാൽ വോട്ട് തിരുത്തിയെന്ന മുൻ മന്ത്രി ജി സുധാകരനെന്റെ വെളിപ്പെടുത്തലിൽ കേസെടുക്കാനൊരുങ്ങി തിരഞ്ഞെടുപ്പ് കമ്മീഷൻ. അമ്പലപ്പുഴ തഹസിൽദാര്‍ കെ അൻവറിന്‍റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം ജി സുധാകരന്‍റെ വീട്ടിലെത്തി മൊഴിയെടുത്തു. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരടക്കമുള്ളവരാണ് സുധാകരന്‍റെ മൊഴിയെടുത്തത്. മൊഴിയെടുപ്പ് പൂര്‍ത്തിയായെന്നും വിശദമായ റിപ്പോർട്ട് ജില്ലാ കളക്ടര്‍ക്ക് നൽകുമെന്നും തഹസിൽദാര്‍ വ്യക്തമാക്കി.
പറയാനുള്ള കാര്യങ്ങളെല്ലം ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ടെന്നും മറ്റൊന്നും പറയാനില്ലെന്നുമായിരുന്നു മൊഴിയെടുപ്പിനു ശേഷം സുധാകരൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. ഉച്ചയ്ക്ക് രണ്ടരയ്ക്കു ശേഷമാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ജി സുധാകരന്‍റെ വീട്ടിലെത്തിയത്. അരമണിക്കൂറോളം നീണ്ടുനിന്ന മൊഴിയെടുപ്പിനു ശേഷമാണ് ഉദ്യോഗസ്ഥര്‍ മടങ്ങിയത്.
തപാൽവോട്ടുകള്‍ പൊട്ടിച്ച് തിരുത്തിയെന്ന വെളിപ്പെടുത്തലിൽ മുന്‍ മന്ത്രി ജി സുധാകരനെതിരെ കേസെടുക്കാനുള്ള അടിയന്തര നടപടിയെടുക്കാൻ ആലപ്പുഴ കളക്ടര്‍ക്ക് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദേശം നൽകിയതിന് പിന്നാലെയാണ് മൊഴിയെടുപ്പ് നടന്നത്. തപാല്‍വോട്ടിൽ കൃത്രിമം കാട്ടി തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ശ്രമിച്ചത്. ഇത് ജനപ്രാതിനിധ്യ നിയമത്തിലെ 136,128 വകുപ്പുകള്‍, തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍, ഭാരതീയ ന്യായ സംഹിത അല്ലെങ്കിൽ ഐപിസി എന്നിവ അനുസരിച്ച് ഗുരുതര നിയമ ലംഘനമാണ്. നിയമവവശങ്ങള്‍ പരിശോധിച്ച് കമ്മീഷൻ നൽകിയ നിര്‍ദ്ദേശ പ്രകാരം കേസെടുക്കാൻ കളക്ടര്‍ പോലീസിനോട് ആവശ്യപ്പെടും.






