കൽപ്പറ്റ: മീനങ്ങാടി പൊലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെതിരെ കാപ്പ ചുമത്തി ആറു മാസത്തേക്ക് ജില്ലയിൽ നിന്ന് നാടുകടത്താൻ പൊലീസ് നടപടി സ്വീകരിച്ചു. കൃഷ്ണഗിരി കൊളഗപ്പാറ കൈതകാട്ടിൽ വീട്ടിൽ നവീൻ ദിനേശ് (25)നെയാണ് വയനാട് ജില്ലയിൽ പ്രവേശിക്കരുതെന്ന കർശന നിർദേശത്തോടെ നാടുകടത്തിയത്.
വയനാട് ജില്ലാ പോലീസ് മേധാവി അരുണ്‍ കെ. പവിത്രൻ ഐ.പി.എസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ റേഞ്ച് ഡിഐജി യതീഷ് ചന്ദ്ര ഐ.പി.എസാണ് ഉത്തരവ് പുറപ്പെടുവിച്ചത്. നവീൻ ദിനേശിനെതിരെ സുല്‍ത്താൻ ബത്തേരി സ്റ്റേഷനിൽ വധശ്രമം, ആക്രമിച്ച് പരിക്കേൽപ്പിക്കൽ, തെളിവ് നശിപ്പിക്കൽ, സംഘം ചേർന്ന് ആക്രമണം തുടങ്ങിയ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ജില്ലയിലെ വിവിധ സ്റ്റേഷൻ പരിധികളിലെ ഗുണ്ടകളും സാമൂഹ്യവിരുദ്ധരും തിരിച്ചറിഞ്ഞ് കൂടുതൽ പേർക്കെതിരെ കാപ്പ അടക്കമുള്ള ശക്തമായ നിയമനടപടികൾ തുടരുമെന്ന് പൊലീസ് അറിയിച്ചു.



