സിപിഎം വിശാല സംസ്ഥാന സമ്മേളനത്തിന് കോഴിക്കോട് തുടക്കമായിരിക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടികള്‍ വിലയിരുത്തുന്നതും തിരുത്തല്‍ നടപടികള്‍ ചര്‍ച്ച ചെയ്യുന്നതുമെല്ലാം സമ്മേളനത്തിന്റെ പ്രധാന അജണ്ടയാണ്. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം സംസ്ഥാന നേതൃത്വത്തിന് മേല്‍ വരാതിരിക്കാന്‍ ചര്‍ച്ചകളില്‍ കരുതലോടെയുള്ള നീക്കങ്ങളാണ് നേതൃത്വം നടത്തിയത്. ഇതിന്റെ ഭാഗമായി, പ്രവര്‍ത്തന റിപ്പോര്‍ട്ടിന്‍മേലുള്ള ചര്‍ച്ചയില്‍ നിന്ന് സംസ്ഥാന സമിതി അംഗങ്ങളെ മാറ്റിനിര്‍ത്തിയിരിക്കുകയാണ്. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളും വര്‍ഗ-ബഹുജന സംഘടനാ പ്രതിനിധികളും മാത്രമാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്.
സമ്മേളനത്തിന് തൊട്ടു തലേന്ന് മാസപ്പടിക്കേസിൽ തനിക്കും കുടുംബത്തിനും എതിരേ ഉയർന്ന ആരോപണങ്ങൾക്ക് ഒരിക്കൽ കൂടി എണ്ണിയെണ്ണി മറുപടിപറഞ്ഞിരിക്കുകയാണ് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. വിശാല സമ്മേളനത്തിൽ മാസപ്പടി വിവാദം ചർച്ചയ്ക്ക് വരുമെന്ന കാര്യം ഉറപ്പായതോടെയാണ് പിണറായിയുടെ നീക്കം. പതിവിന് വിപരീതമായി വ്യക്തിപരമായ വിഷയങ്ങൾ പത്രസമ്മേളനം നടത്തി വിശദീകരിക്കാറില്ലെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം സംസാരം തുടങ്ങിയത്.
വിശാല സമ്മേളനത്തിന് മുൻപേ നിലപാട് വ്യക്തമാക്കലല്ലിതെന്ന് പറയുമ്പോഴും നിലവിലെ സാഹചര്യങ്ങൾ വിശദീകരിക്കാൻ സമ്മേളനത്തിന് തൊട്ടുമുൻപ് തീരുമാനമെടുക്കാനുള്ള കാരണവും പിണറായി വ്യക്തമാക്കി. അടുത്ത ദിവസം സംസാരിക്കാമെന്ന് കരുതിയെങ്കിലും മൂന്നാല് പരിപാടി കഴിഞ്ഞ് എത്തിയപ്പോൾ ശബ്ദം പോയതിനാൽ മാത്രമാണ് പത്രസമ്മേളനം നീട്ടിവെക്കേണ്ടി വന്നതെന്നും അദ്ദേഹം വിശദീകരിക്കുന്നുണ്ട്. വിശാല സമ്മേളനവുമായി ഇപ്പോൾ നടത്തിയിരിക്കുന്ന പത്രസമ്മേളനത്തിന് യാതൊരു ബന്ധവുമില്ലെന്നാണ് പിണറായി പറയുന്നതെങ്കിലും സമ്മേളനത്തിന് മുമ്പ് തന്റെ ഭാഗം ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കാൻ അദ്ദേഹം ശ്രമിച്ചിട്ടുണ്ടെന്നതിൽ തർക്കമില്ല.
തന്നിലൂടെ പാർട്ടിയെ തകർക്കാനുള്ള നീക്കമാണ് അന്വേഷണ ഏജൻസിയൂടെ നടക്കുന്നതെന്ന് പത്രസമ്മേളനത്തിൽ പല തവണ അദ്ദേഹം ആവർത്തിച്ചിട്ടുണ്ട്. മകൾ വീണയുടെ കൈയിൽനിന്ന് റെഡ് ബുക്ക് പിടിച്ചോയെന്ന ചോദ്യത്തിന് വാക്കുകൾ കടുപ്പിച്ചു. ശുദ്ധ അസംബദ്ധമാണ്. വീണ കുറ്റം സമ്മതിച്ചെന്നത് പച്ചക്കള്ളവും ശുദ്ധനുണയുമാണ്. ഇല്ലാത്ത ആരോപണങ്ങൾ ഉന്നയിച്ച് നശിപ്പിക്കാൻ പോകുകയാണ്.
മുഖ്യമന്ത്രിയായിരുന്നപ്പോൾ സി.എം.ആർ.എല്ലിന് വഴിവിട്ട ഒരു സഹായവും നൽകിയിട്ടില്ല. സി.പി.എമ്മിന്റെ ഭാഗമായി നിൽക്കുന്നതുകൊണ്ടാണ് എന്നെ എതിർക്കുന്നത്. അതിന്റെ അർഥം എന്നിലൂടെ സി.പി.എമ്മിനെ തകർക്കാൻ സാധിക്കുമോ എന്നാണ് നോക്കുന്നത്. യു.ഡി.എഫും. വലതുപക്ഷ മാധ്യമങ്ങളും അവർക്കൊപ്പം ചേരുന്നു. ഇപ്പോൾ കേന്ദ്രസർക്കാരും സംസ്ഥാനസർക്കാരും ഇക്കാര്യത്തിൽ ശ്രമങ്ങൾ നടത്തുന്നുണ്ട്. തോട്ടപ്പള്ളി സ്പിൽവേയിലെ മണൽ നീക്കംചെയ്യൽ, കെ.ആർ.ഇ.എം.എല്ലിന് ഭൂപരിധി ഇളവ് നൽകൽ, എക്സാലോജിക്കിന് പണംനൽകൽ എന്നീ മൂന്ന് ആരോപണങ്ങളും വിജിലൻസ് കോടതിയും കേരള ഹൈക്കോടതിയും സുപ്രീംകോടതിയും മുൻപ് പരിശോധിച്ചതാണ്. കേസ് എടുക്കാൻ തക്ക വസ്തുതകളില്ല എന്നുകണ്ട് കോടതികൾ തള്ളിയ കാര്യങ്ങളാണ് വീണ്ടും പുതിയ അന്വേഷണത്തിന്റെ മറവിൽ ഉയർത്തുന്നത്.
SFIO റിപ്പോർട്ടിന്റെ നിയമസാധുത ഡൽഹി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ, പുതിയ ക്രിമിനൽ കേസ് സൃഷ്ടിച്ച് ഇ.ഡി. അന്വേഷണം തന്നിലേക്ക് എത്തിക്കാനാകുമോ എന്ന പരീക്ഷണമാണ് ഇപ്പോൾ നടക്കുന്നത്. ഇക്കാര്യങ്ങൾ മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കോഴിക്കോട്ടെ വിശാല സമ്മേളനത്തിൽ പിണറായി വിജയനും എംവി ഗോവിന്ദനും അടക്കമുള്ള നേതൃനിരയ്‌ക്കെതിരെ ഉയരാവുന്ന വിമര്‍ശനങ്ങളെ തടയിടാനുള്ള നീക്കങ്ങളാണ് നടക്കുന്നതെന്ന് ചൂണ്ടിക്കാട്ടി പാര്‍ട്ടിക്കുള്ളില്‍ കടുത്ത അതൃപ്തി പുകയുന്നുണ്ട്. ചരിത്രത്തില്‍ ഇല്ലാത്ത നിലയിലുള്ള തോല്‍വി ഏറ്റു വാങ്ങേണ്ടി വന്നതിന് ശേഷം അസാധാരണമായൊരു തിരുത്തല്‍ നടപടിയിലേക്കാണ് സിപിഐഎം കടക്കുന്നത്. ഇഡി നീക്കത്തിനെതിരെ പാര്‍ട്ടി ഒറ്റക്കെട്ടായാണ് പ്രതികരിക്കുന്നത്. പിണറായി വിജയനെ ലക്ഷ്യമിട്ടുള്ളത് സംഘപരിവാറിന്റെ ആസൂത്രിത നീക്കമാണെന്ന നിലപാടിലാണ് നേതാക്കള്‍.
സാധാരണ നിലയില്‍ ജയപരാജയങ്ങളില്‍, മേല്‍ കമ്മിറ്റി തയ്യാറാക്കുന്ന റിപ്പോര്‍ട്ട് കീഴ്ഘടകങ്ങളിലേക്ക് ചര്‍ച്ചചെയ്ത് അംഗീകരിക്കുന്നതായിരുന്നു പാര്‍ട്ടി രീതി. എന്നാല്‍ ഇത്തവണ തോല്‍വിയുടെ കാരണമറിയാന്‍ ബ്രാഞ്ച് തലം മുതല്‍ ചര്‍ച്ച ചെയ്ത് മേല്‍ ഘടകങ്ങളില്‍ എത്തിച്ച ശേഷം അതിന്മേല്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയാണ് മറ്റ് നടപടികളിലേക്ക് പോകുന്നത്. ഇതില്‍ വിപുലീകൃത സംസ്ഥാന കമ്മിറ്റി എന്നത് സിപിഐഎമ്മിന്റെ സാധാരണ സംഘടനാ രീതികളില്‍ നിന്ന് മാറിയുള്ള അജണ്ട ആണ് എന്നതും പ്രത്യേകതയാണ്. ഏതെങ്കിലും ഒരാളെ മാറ്റി മറ്റൊരാളെ കൊണ്ടു വന്നുള്ള ഒരു തിരുത്തല്‍ പ്രക്രിയയിലേക്ക് പാര്‍ട്ടി കടക്കില്ലെന്ന് വ്യക്തമാണ്. നിലവിലുള്ള ആളുകളില്‍ തന്നെ ചില ചുമതലകളില്‍ മാറ്റം വരുത്തി തിരത്തി മുന്നോട്ട് പോകുക എന്നതായിരിക്കും ഇത്തവണ പാർട്ടി ലക്ഷ്യമിടുന്നത്.


