കോഴിക്കോട്: നേതൃത്വം ചെയ്ത രാഷ്ട്രീയ, സംഘടനാപരമായ തെറ്റുകൾ തിരുത്തുന്നതിനെക്കുറിച്ച് ചർച്ച ചെയ്യുന്നതിന് മുമ്പ് ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ തെറ്റ് പൊതുസമൂഹത്തോട് ഏറ്റുപറയണമെന്ന് കെ.കെ. രമ. കോഴിക്കോട് നടക്കുന്ന സിപിഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിന്റെ പശ്ചാത്തലത്തിലാണ് കെ.കെ. രമയുടെ വിമർശനം. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.
നേതൃത്വത്തിന്റെ അഴിമതിക്കും നയവഞ്ചനകൾക്കുമെതിരെ വി.എസ്. അച്യുതാനന്ദൻ ഉൾപ്പെടെയുള്ള നേതാക്കൾ നടത്തിയ രാഷ്ട്രീയ പോരാട്ടങ്ങളെ പിന്തുണച്ചതിനും പാർട്ടിയുടെ തെറ്റുകൾക്കെതിരെ ശക്തമായി പ്രതികരിച്ചതിനുമാണ് ടി.പി. ചന്ദ്രശേഖരനെ സിപിഎം നേതാക്കൾ ഗൂഢാലോചന നടത്തി കൊലപ്പെടുത്തിയതെന്നാണ് കെ.കെ. രമയുടെ ആരോപണം.
കോഴിക്കോട് ജില്ലയിൽ വെട്ടിനുറുക്കി കൊലപ്പെടുത്തിയ ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകം തിരുത്താനാകാത്ത തെറ്റാണെന്നും കെ.കെ. രമ പറഞ്ഞു. ഈ തെറ്റ് കേരളീയ പൊതുസമൂഹത്തോട് ഏറ്റുപറയാനുള്ള രാഷ്ട്രീയ സത്യസന്ധത ഇപ്പോഴെങ്കിലും സിപിഎം നേതൃത്വത്തിനുണ്ടോയെന്നും അവർ ചോദിച്ചു.


