തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാർക്കെതിരെ മുഖ്യമന്ത്രി നടത്തിയ പരാമർശത്തിൽ പ്രതിഷേധവുമായി കെഎസ്ഇബി വർക്കേഴ്‌സ് അസോസിയേഷൻ. സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി രൂക്ഷമാക്കാൻ ജീവനക്കാർ മനഃപൂർവം വൈദ്യുതി വിച്ഛേദിക്കുന്നുവെന്ന തരത്തിലുള്ള പ്രസ്താവന അപലപനീയമാണെന്ന് സംഘടന പ്രതികരിച്ചു.
‘മൊത്തം കുളമാകട്ടെ എന്ന ലക്ഷ്യത്തോടെ അനാവശ്യമായി വൈദ്യുതി ഓഫ് ചെയ്യുന്നു’ എന്ന മുഖ്യമന്ത്രിയുടെ പരാമർശം തൊഴിലാളികളോടുള്ള വെല്ലുവിളിയാണെന്ന് കെഎസ്ഇബിഡബ്ല്യുഎ ആരോപിച്ചു. വൈദ്യുതി പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കണ്ടെത്തുന്നതിന് പകരം തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാണ് ശ്രമമെന്നും സംഘടന കുറ്റപ്പെടുത്തി.
വൈദ്യുതി വിതരണം ഉറപ്പാക്കുന്നതിനായി ജീവനക്കാർ നടത്തുന്ന പ്രവർത്തനങ്ങളെ അവഗണിക്കുന്ന തരത്തിലുള്ള പ്രസ്താവനകൾ അംഗീകരിക്കാനാകില്ലെന്നും കെഎസ്ഇബിഡബ്ല്യുഎ വ്യക്തമാക്കി. പ്രതിസന്ധിയുടെ യഥാർഥ കാരണങ്ങൾ കണ്ടെത്തി ശാശ്വത പരിഹാരം കണ്ടെത്തണമെന്നും സംഘടന ആവശ്യപ്പെട്ടു.
തൊഴിലാളികൾ മനഃപൂർവം വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നുവെന്ന പരാമർശം മുഖ്യമന്ത്രി തിരുത്തണമെന്നും കെഎസ്ഇബി വർക്കേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു.
കൊച്ചിയിൽ നടന്ന എനർജി കോൺക്ലേവിലായിരുന്നു കെഎസ്ഇബി ജീവനക്കാർക്കും ഉദ്യോഗസ്ഥർക്കുമെതിരെ വി ഡി സതീശൻ രൂക്ഷ വിമർശനം ഉന്നയിച്ചത്. പുനരുപയോഗ ഊർജ പദ്ധതികളെ പ്രോത്സാഹിപ്പിക്കുന്നതിനെക്കുറിച്ച് പറയുമ്പോൾ കെഎസ്ഇബിയിലെ ചില ഉദ്യോഗസ്ഥർക്ക് ‘ചൊറിച്ചിലാണെന്നും’ ചിലർ ‘കുളം കലക്കി മീൻ പിടിക്കുന്ന’ സമീപനമാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി വഷളാകട്ടെയെന്ന ലക്ഷ്യത്തോടെ ചിലയിടങ്ങളിൽ ഉദ്യോഗസ്ഥർ മനഃപൂർവം അനാവശ്യമായി നാലും അഞ്ചും തവണ വൈദ്യുതി വിച്ഛേദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇതിനെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഈ പരാമർശങ്ങൾക്കെതിരെയാണ് കെഎസ്ഇബി വർക്കേഴ്‌സ് അസോസിയേഷൻ രംഗത്തെത്തിയത്.


