കൊല്ലം: ബിരിയാണിയിൽ സാലഡ് കിട്ടാത്തതിനെ തുടർന്ന് കേറ്ററിങ് തൊഴിലാളികൾ തമ്മിലുണ്ടായ തർക്കം സംഘർഷത്തിൽ കലാശിച്ചു. തട്ടാമല പിണയ്ക്കൽ ഭാഗത്തെ ഓഡിറ്റോറിയത്തിലാണ് അക്രമം നടന്നത്. സംഘട്ടനത്തിൽ നാല് പേരുടെ തലയ്ക്ക് പരിക്കേറ്റു.
വിവാഹത്തിൽ പങ്കെടുത്തവർക്കെല്ലാം ബിരിയാണി വിളമ്പിയ ശേഷം കേറ്ററിങ് തൊഴിലാളികൾ ആഹാരം കഴിക്കാനായി തയാറെടുത്തു. എന്നാൽ ചിലർക്ക് സാലഡ് കിട്ടാതായതോടെ തർക്കമാവുകയും പിന്നീട് കൂട്ടത്തല്ലിൽ കലാശിക്കുകയായിരുന്നു. രണ്ടു സംഘങ്ങളായി യുവാക്കൾ ഭക്ഷണം വിളമ്പിയ പാത്രങ്ങളുമായി ഏറ്റുമുട്ടി. അക്രമത്തിൽ പരിക്കേറ്റവരെ കൂട്ടിക്കടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.
കേറ്ററിങ് യുവാക്കളെ പോലീസ് സ്റ്റേഷനിലേക്കു വിളിപ്പിച്ചിട്ടുണ്ട്. അടിയുണ്ടാക്കിയവർക്ക് എതിരെ കേസെടുക്കുമെന്ന് ഇരവിപുരം എസ്എച്ച്ഒ ആർ.രാജീവ് അറിയിച്ചു.




