ജെറുസലേം: ഗാസയെ പിന്തുണച്ച ലോക രാജ്യങ്ങള്‍ക്ക് മറുപടിയുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. നേതാക്കന്മാരുടെ സംയുക്ത പ്രസ്താവന ഹമാസിന് വലിയൊരു സമ്മാനമായിരിക്കുമെന്നാണ് അദ്ദേഹം പ്രതികരിച്ചത്. ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ , ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി എന്നിവർക്കെതിരെയാണ് നെതന്യാഹുവിന്റെ പ്രതികരണം.
ഇസ്രായേൽ സൈനിക ആക്രമണം അവസാനിപ്പിച്ചില്ലെങ്കിൽ സംയുക്ത നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ഇസ്രയേൽ പ്രധാനമന്ത്രിയുടെ പ്രതികരണം. ഗാസയിൽ ഹമാസ് ബന്ദികളാക്കിയിരിക്കുന്ന ആളുകളെ വിട്ടയച്ചാൽ, ആയുധം താഴെ വെച്ചാൽ നാളെ യുദ്ധം അവസാനിക്കുമെന്നാണ് നെതന്യാഹു പ്രതികരിച്ചിരിക്കുന്നത്.
ഇസ്രായേലിനെ പിന്തുണയ്ക്കുന്നതിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മാതൃക എല്ലാ യൂറോപ്യൻ നേതാക്കളും പിന്തുടരണം. പലസ്തീനികളെ കൂട്ടത്തോടെ കുടിയിറക്കും. ഹമാസിനെതിരെ പൂർണ്ണ വിജയം നേടുന്നതിനായി തന്റെ രാജ്യം പരിശ്രമിക്കുമെന്നും നെതന്യാഹു കൂട്ടിച്ചേർത്തു.






