ന്യൂഡൽഹി : ഭീകരതക്കെതിരെ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കാനും ഓപ്പറേഷൻ സിന്ദൂർ ലോകരാഷ്ട്രങ്ങളോട് വിശദീകരിക്കാനുള്ള ആദ്യ മൂന്ന് പ്രതിനിധി സംഘങ്ങൾ ഇന്ന് യാത്ര തിരിക്കും. മൂന്ന് സംഘങ്ങളാകും ഇന്ന് പുറപ്പെടുക. ജനതാദൾ നേതാവ് സഞ്ജയ് ഝാ നയിക്കുന്ന സംഘം , ഡിഎംകെ എംപി കനിമൊഴി നയിക്കുന്ന സംഘം ശിവസേന നേതാവ് ശ്രീകാന്ത് ഷിൻഡെയുടെ സംഘം എന്നീ മൂന്ന് സംഘങ്ങളാണ് ഇന്ന് പുറപ്പെടുക.യുഎഇയിലാണ് ശിവസേന നേതാവ് ശ്രീകാന്ത് ഷിൻഡെ നയിക്കുന്ന സംഘം പുറപ്പെടുക. ശേഷം ലിബേറിയ, കോംഗോ, പശ്ചിമാഫ്രിക്കൻ രാജ്യമായ സിയേറാ ലിയോൺ എന്നിവിടങ്ങളിൽ സന്ദർശനം നടത്തും.
അതേസമയം ഈ സംഘം ഇന്ത്യയിലെ മാത്രമല്ല മറിച്ച് വിദേശത്തും ഭീകരാക്രമണങ്ങളിൽ പാകിസ്ഥാന്റെ പങ്കാളിത്തം തെളിയിക്കുന്ന തെളിവുകൾ അവതരിപ്പിക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. ജപ്പാൻ, സിംഗപ്പൂർ, ദക്ഷിണ കൊറിയ, മലേഷ്യ, ഇന്തോനേഷ്യ എന്നിവിടങ്ങളിലേക്കാണ് ജെഡിയു നേതാവ് സഞ്ജയ് ഝാ നയിക്കുന്ന പ്രതിനിധി സംഘം സന്ദർശനം നടത്തുക. കനിമൊഴി നയിക്കുന്ന സംഘം സ്‌പെയിൻ, ഗ്രീസ്, സ്ലോവേനിയ, റഷ്യ, ലാത്വിയ എന്നീ രാജ്യങ്ങളാണ് സന്ദർശിക്കുക.ഓപ്പറേഷൻ സിന്ദൂറിന്റെ സാഹചര്യം വിശദീകരിക്കുകയും അന്താരാഷ്ട്ര തലത്തിൽ പാകിസ്ഥാനെ ഒറ്റപ്പെടുത്തുകയും ആണ് ഇന്ത്യയുടെ ലക്ഷ്യം.






