തിരുവനന്തപുരം: കനത്ത മഴയിൽ സംസ്ഥാനത്തുടനീളം വ്യാപക നാശനഷ്ടങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ സിപിഎം പ്രവർത്തകർ രക്ഷാ പ്രവർത്തനത്തിനും കഷ്ടപ്പെടുന്നവരെ സഹായിക്കാനും രംഗത്തിറങ്ങണമെന്ന അഭ്യർത്ഥനയുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് . വരും ദിവസങ്ങളിൽ സംസ്ഥാനത്ത് അതിശക്തമായ മഴ ഉണ്ടാകുമെന്നാണു കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചിട്ടുള്ളത്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലായി മഴക്കെടുതികൾ ഉണ്ടെങ്കിലും വടക്കൻ കേരളത്തിലാണ് ഇപ്പോൾ മഴക്കെടുതികൾ രൂക്ഷമായിട്ടുള്ളത്.
അപ്രതീക്ഷിതമായി വരുന്ന കാറ്റും അതിതീവ്ര മഴയും ചില മേഖലകളിൽ നാശനഷ്ടങ്ങൾ വരുത്തുന്ന രീതിയാണ് കാണുന്നത്. കൂടാതെ മലയോരമേഖലകളിലും കടൽതീരത്തും കൂടുതൽ ശ്രദ്ധ ആവസാധ്യമാണെന്നും അധികാരികൾ അറിയിച്ചു. അതേസമയം വരും ദിവസങ്ങളിലെ ശക്തമായ മഴ മുന്നിൽ കണ്ടു കൊണ്ട് ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തുകയും ദുരന്ത നിവാരണത്തിന് എൻഡിആർഎഫ് സംഘങ്ങളെ അടക്കം നിയോഗിച്ചിട്ടുമുണ്ട്. കൂടാതെ സംസ്ഥാനത്തിന്റെ പല ഭാഗത്തും ദുരിതാശ്വാസ ക്യാമ്പും തുറന്നിട്ടുണ്ട്.






