കൊച്ചി: ഇന്നലെ കൊച്ചി കടവന്ത്രയിൽനിന്നു കാണാതായ 13 വയസ്സുകാരനെ തൊടുപുഴയിൽനിന്നു കണ്ടെത്തി. തൊടുപുഴ ബസ് സ്റ്റാൻഡിനു സമീപത്ത് വച്ചാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയുടെ മാതാപിതാക്കൾ തൊടുപുഴ പൊലീസ് സ്റ്റേഷനിലെത്തി. കുട്ടിയോടൊപ്പം മറ്റൊരാളുമുണ്ടായിരുന്നു. ഇയാൾ ആരാണെന്ന കാര്യത്തിലുൾപ്പെടെ പൊലീസ് അന്വേഷണം ആരംഭിച്ചു. കുട്ടിയിൽനിന്നു പൊലീസ് വിവരങ്ങൾ ചോദിച്ചറിയുകയാണ്.
സേ പരീക്ഷ എഴുതാൻ പോയ കുട്ടിയെ ഇന്നലെ രാവിലെ മുതലാണ് കാണാതായത്. രാത്രിയായിട്ടും തിരിച്ചെത്താതിരുന്നതോടെയാണു പൊലീസിനെ സമീപിച്ചത്. അതിനു മുൻപു തന്നെ കുടുംബം അന്വേഷണം ആരംഭിച്ചിരുന്നു. തിരുവനന്തപുരത്തെ ബന്ധുവീട്ടിലേക്കു പോയെന്നു സംശയിച്ചെങ്കിലും അവിടെ എത്തിയതായി വിവരം ലഭിച്ചില്ല. നഗരത്തിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് ആണ് പോലീസ് അന്വേഷണം ഊർജിതപ്പെടുത്തിയിരുന്നത്. കുട്ടി മൂവാറ്റുപുഴ സൈഡിലേക്കുളള ബസിൽ കയറിയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. രാത്രി മുഴുവൻ നടത്തിയ അന്വേഷണത്തിനൊടുവിൽ ഇന്നു രാവിലെയാണ് തൊടുപുഴ ബസ് സ്റ്റാൻഡിയിൽനിന്നു കുട്ടിയെ കണ്ടെത്തിയത്.




