തിരുവനന്തപുരം: കഠിനംകുളത്ത് ഓട്ടം വിളിച്ച ഊബർ കാർ തട്ടിയെടുത്ത് ഗുണ്ട രക്ഷപ്പെട്ടു. പുതുക്കുറിച്ചി സ്വദേശി സുഹൈൽ കനി (32) ആണ് കാർ തട്ടിയെടുത്ത് കടന്നുകളഞ്ഞതെന്ന് പൊലീസ് അറിയിച്ചു. ഇന്ന് പുലർച്ചെ അഞ്ചുമണിയോടെയാണ് സംഭവം.
യൂബർ കാർ ബുക്ക് ചെയ്ത് പെരുമാതുറ ജംഗ്ഷനിലെത്തിയ പ്രതി സുഹൃത്തുക്കൾ എത്താനുണ്ടെന്ന് പറഞ്ഞ് ഡ്രൈവറോട് കാത്തുനിൽക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് ഡ്രൈവർ സമീപത്തെ കടയിൽ ചായ കുടിക്കാൻ പോയ സമയത്ത് പ്രതി കാറുമായി കടന്നുകളയുകയായിരുന്നു.
സംഭവത്തിന് പിന്നാലെ പ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. സുഹൈൽ കനി സ്ഥിരം കുറ്റവാളിയാണെന്നും നിരവധി കേസുകളിൽ പ്രതിയാണെന്നും പൊലീസ് പറഞ്ഞു.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കാർ വർക്കല ഭാഗത്തേക്കാണ് പ്രതി ഓടിച്ചുപോയതെന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രതിയെ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം തുടരുകയാണ്.




