തൃശൂർ: തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന 77കാരനെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് 36 മണിക്കൂറോളം കഴിഞ്ഞ്. മാക്കുട്ടി റാവുത്തർ എന്നയാളെയാണ് മെഡിസിൻ വാർഡിനോട് ചേർന്നുള്ള ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഈ മാസം 16നാണ് മാക്കുട്ടി റാവുത്തറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച മുതൽ ഇയാളെ വാർഡിൽ കാണാതാവുകയായിരുന്നു. തുടർന്ന് ആശുപത്രി അധികൃതർ പൊലീസിൽ പരാതി നൽകി. ശനിയാഴ്ച നടത്തിയ പരിശോധനയിലാണ് ശുചിമുറിയിൽ മൃതദേഹം കണ്ടെത്തിയത്.
അജ്ഞാത രോഗിയായാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. രോഗിക്ക് കൂട്ടിരിപ്പുകാരുണ്ടായിരുന്നില്ലെന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ലിജോ അറിയിച്ചു. മൃതദേഹം കണ്ടെത്തുന്നതിന് തലേദിവസവും ശുചിമുറി വൃത്തിയാക്കിയിരുന്നുവെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് രോഗി മരിച്ചിട്ട് ഏകദേശം 36 മണിക്കൂറായെന്ന് വ്യക്തമായത്. ഇതോടെ ഒന്നര ദിവസത്തോളം മൃതദേഹം ശുചിമുറിയിൽ കിടന്നിട്ടും ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടില്ലേ എന്ന ചോദ്യം ഉയരുകയാണ്.
എല്ലാ ദിവസവും ശുചിമുറികൾ വൃത്തിയാക്കാറുണ്ടെന്നും 20ന് പ്രസ്തുത ശുചിമുറി വൃത്തിയാക്കിയിരുന്നുവെന്നും സൂപ്രണ്ട് വ്യക്തമാക്കി. രോഗിയെ കാണാതായതിനെ തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചിരുന്നു. 19ന് കാണാതായ രോഗിയെ 21നാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതിനിടയിൽ ശുചിമുറി വൃത്തിയാക്കിയിരുന്നോ എന്ന് ജീവനക്കാരോട് അന്വേഷിച്ചപ്പോൾ വൃത്തിയാക്കിയെന്നാണ് മറുപടി ലഭിച്ചതെന്നും സൂപ്രണ്ട് പറഞ്ഞു.
അതേസമയം, തൃശൂർ മെഡിക്കൽ കോളേജിലെ ശുചിമുറികളുടെ ശോചനീയാവസ്ഥയെക്കുറിച്ച് നേരത്തെയും നിരവധി പരാതികൾ ഉയർന്നിരുന്നു. ഇത്തരം പരാതികൾ പരിഹരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു.


