പാലക്കാട്: സ്വകാര്യബസിൽനിന്ന് തെറിച്ചുവീണ് കോളേജ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം. മുണ്ടൂർ യുവക്ഷേത്ര കോളേജിലെ രണ്ടാം വർഷ ബി.എസ്.സി കെമിസ്ട്രി വിദ്യാർഥിനിയും കോങ്ങാട് സ്വദേശിനിയുമായ ഗൗരി ജി. കൃഷ്ണ (18) ആണ് മരിച്ചത്. കോങ്ങാട് മല്ലിക്കൽ ബസ് സ്റ്റോപ്പിന് സമീപം ബുധനാഴ്ച രാവിലെയായിരുന്നു അപകടം.
കോളേജിലേക്ക് പോകുന്നതിനായി ബസിൽ കയറിയ ഗൗരിയുടെ ഒരു ഷൂ യാത്രയ്ക്കിടെ പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു. ഷൂ എടുക്കുന്നതിനായി ബസിൽനിന്ന് പുറത്തേക്ക് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ ബസ് മുന്നോട്ടെടുത്തതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. ബസിൽനിന്ന് തെറിച്ചുവീണ ഗൗരിയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി.
ഗുരുതരമായി പരിക്കേറ്റ ഗൗരിയെ ഉടൻ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോങ്ങാട് സ്വദേശിയായ എം.പി. ഗോപീകൃഷ്ണന്റെയും ബീനയുടെയും മകളാണ് ഗൗരി.











