Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കൊച്ചി വിമാനത്താവളത്തിൽ യുവതിക്ക് നേരെ അതിക്രമം; പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ മദ്യലഹരിയിൽ യുവതിയോട് അതിക്രമം. മുഖ്യപ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് നെടുമ്പാശ്ശേരി പൊലീസ്. കണ്ണൂർ സ്വദേശി സന്തോഷിനെതിരെയാണ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയത്. പ്രതി നിലവിൽ അയർലൻഡിലേക്ക് കടന്നതായാണ് പൊലീസിന് ലഭിച്ച വിവരം.

യുവതിയോട് മോശമായി പെരുമാറുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ലൈംഗിക അധിക്ഷേപം നടത്തുകയും ചെയ്തെന്നാണ് കേസ്. സന്തോഷിനെതിരെ BNS 75(2), 75(1)(iv), 351(2), 79 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

സന്തോഷിനൊപ്പം ഉണ്ടായിരുന്ന ഉമർ മഗ്ദൂമി, ഷിജോയ് തോംസൺ എന്നിവരും കേസിലെ പ്രതികളാണ്. ഇവർ യുവതിയോട് അതിക്രമം കാണിക്കുന്നതിന്റെ ദൃശ്യങ്ങൾ ഉണ്ടായിരുന്നിട്ടും ആദ്യഘട്ടത്തിൽ പൊലീസ് കേസെടുക്കാൻ തയ്യാറായില്ലെന്നാണ് യുവതിയുടെ പരാതി. രേഖാമൂലം പരാതി നൽകിയ ശേഷം കേസെടുക്കേണ്ടതില്ലെന്ന് പരാതിയുടെ താഴെ എഴുതിവാങ്ങിയതായും യുവതി ആരോപിക്കുന്നു.

സംഭവം മാധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് നെടുമ്പാശ്ശേരി പൊലീസ് കേസെടുത്തതെന്നാണ് ആരോപണം. എന്നാൽ ആദ്യം രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ സന്തോഷിനെ മാത്രമാണ് പ്രതിയാക്കിയത്. മറ്റ് രണ്ട് പേരുടെ പേരുകൾ ഉൾപ്പെടുത്താത്തതിനെതിരെ യുവതി വീണ്ടും പൊലീസിനെ സമീപിച്ചു. കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുമ്പോൾ മറ്റ് പ്രതികളുടെ പേരുകൾ ഉൾപ്പെടുത്താമെന്നാണ് പൊലീസ് അറിയിച്ചതെന്നാണ് വിവരം.

ജൂലൈ 24ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊച്ചിയിൽ നിന്ന് ഡൽഹിയിലേക്ക് പോകുന്ന സ്പൈസ് ജെറ്റ് വിമാനത്തിലെ യാത്രക്കാരായിരുന്നു പ്രതികൾ. വിമാനത്താവളത്തിലെ എയർ കണ്ടീഷനിങ് സംവിധാനത്തെച്ചൊല്ലിയുണ്ടായ തർക്കമാണ് പിന്നീട് യുവതിയോടുള്ള അതിക്രമത്തിലേക്ക് നീങ്ങിയതെന്നാണ് പരാതി.

വിമാനക്കമ്പനി ജീവനക്കാരിയായ യുവതിയെ പ്രതികൾ ലൈംഗികച്ചുവയുള്ള വാക്കുകൾ ഉപയോഗിച്ച് അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് പരാതി. സംഭവത്തിന്റെ വീഡിയോ പകർത്തുകയും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായും യുവതി ആരോപിക്കുന്നു.

കേരള പൊലീസ് ഉദ്യോഗസ്ഥരാണെന്ന് അവകാശപ്പെട്ടുകൊണ്ടാണ് പ്രതികൾ പെരുമാറിയതെന്നും പരാതിയിലുണ്ട്. വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയ്ക്കിടെ ഇവരുടെ ബാഗിൽ നിന്ന് ഇരുമ്പുദണ്ഡ് സി.ഐ.എസ്.എഫ് പിടിച്ചെടുത്തിരുന്നു. കേരള പൊലീസിന്റേതെന്ന് അവകാശപ്പെടുന്ന തിരിച്ചറിയൽ കാർഡും പ്രതികൾ പ്രദർശിപ്പിച്ചതായാണ് വിവരം.

സംഭവവുമായി ബന്ധപ്പെട്ട് പൊലീസിന്റെ നടപടിയിൽ ഗുരുതര വീഴ്ചയുണ്ടായെന്നാണ് യുവതിയുടെ ആരോപണം. പരാതിക്ക് ശേഷവും പ്രതികൾക്ക് ഡൽഹിയിലേക്ക് മറ്റൊരു വിമാനത്തിൽ പോകാൻ അവസരം ലഭിച്ചതായും എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് മുഖ്യപ്രതി വിദേശത്തേക്ക് കടന്നതായും യുവതി ആരോപിച്ചു.

നിലവിൽ മുഖ്യപ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച സാഹചര്യത്തിൽ ഇയാളെ നാട്ടിലെത്തിക്കുന്നതിനുള്ള തുടർ നടപടികൾ പൊലീസ് സ്വീകരിച്ചുവരികയാണ്. കേസിൽ മറ്റ് പ്രതികൾക്കെതിരായ നടപടികളും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിച്ചുവരുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer