കൊച്ചി: സ്കൂൾ ഫ്രീഡം ക്വിസിൽ വി.ഡി. സവർക്കറുമായി ബന്ധപ്പെട്ട വിവാദ ചോദ്യം ഉൾപ്പെടുത്തിയ അധ്യാപകന്റെ സസ്പെൻഷൻ ഹൈക്കോടതി സ്റ്റേ ചെയ്തു. കാസർകോട് പള്ളത്തടുക്ക എയുപി സ്കൂൾ അധ്യാപകൻ കെ. ഗുരുപ്രസാദിന്റെ സസ്പെൻഷനാണ് കോടതി സ്റ്റേ ചെയ്തത്. സസ്പെൻഷൻ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗുരുപ്രസാദ് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് വിജു എബ്രഹാം ഉൾപ്പെട്ട ബെഞ്ചിന്റെ നടപടി.
ആഗസ്റ്റ് ആറിന് നടന്ന സോഷ്യൽ സയൻസ് ക്ലബ് ഫ്രീഡം ക്വിസിലാണ് വിവാദമായ ചോദ്യം ഉൾപ്പെടുത്തിയത്. എൽ.പി സ്കൂൾ വിദ്യാർഥികൾക്കായുള്ള ക്വിസിൽ സവർക്കറെ പുകഴ്ത്തുന്ന തരത്തിലുള്ള ചോദ്യം ഉൾപ്പെടുത്തിയതിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു.
മഞ്ചേശ്വരം, കുമ്പള, കാസർകോട് ഉപജില്ലകളിലെ സ്കൂളുകൾക്ക് നൽകിയ ചോദ്യാവലിയിലാണ് ചോദ്യം ഉണ്ടായിരുന്നത്. “ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കൂടുതൽ ശിക്ഷ അനുഭവിക്കേണ്ടി വന്ന സ്വാതന്ത്ര്യസമര സേനാനി ആര്?” എന്ന ചോദ്യത്തിന് വി.ഡി. സവർക്കർ എന്ന ഉത്തരമാണ് നൽകിയിരുന്നത്.
ചോദ്യം വിവാദമായതോടെ വിദ്യാഭ്യാസ വകുപ്പ് അധ്യാപകനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. ചരിത്ര വസ്തുതകൾക്ക് നിരക്കാത്തതും തെറ്റിദ്ധാരണ പരത്തുന്നതുമായ ചോദ്യം തയ്യാറാക്കിയെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. അതേസമയം, സവർക്കറുടെ പേര് ചരിത്ര രേഖകളിലുള്ളതാണെന്നും ചോദ്യം തയ്യാറാക്കിയതിന് തന്നെ സസ്പെൻഡ് ചെയ്തത് അന്യായമാണെന്നുമാണ് അധ്യാപകൻ ഹർജിയിൽ വാദിച്ചത്.


