പാലക്കാട്: തൃത്താലയിൽ സ്കൂളിനുള്ളിൽ സഹപാഠിയുടെ വെടിയേറ്റ് ഒൻപതാം ക്ലാസ് വിദ്യാർഥിക്ക് പരിക്ക്. തൃത്താല പള്ളിപ്പുറം പരുതൂർ ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം. നാടൻ തോക്കുമായി സ്കൂളിലെത്തിയ വിദ്യാർഥിയുടെ കൈയിൽനിന്നാണ് ക്ലാസ് മുറിയിൽവെച്ച് വെടിയേറ്റത്. പരിക്കേറ്റ വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. ഒൻപതാം ക്ലാസ് വിദ്യാർഥി നാടൻ തോക്കുമായാണ് സ്കൂളിലെത്തിയത്. തോക്കിൽനിന്ന് മൂന്ന് തവണ വെടിയുതിർത്തതായാണ് പ്രാഥമിക വിവരം. ഇതിൽ ആദ്യത്തെ വെടി നിലത്തും രണ്ടാമത്തേത് സമീപത്തുകൂടിയും കടന്നുപോയി. മൂന്നാമത്തെ വെടിയാണ് സഹപാഠിയുടെ ശരീരത്തിൽ പതിച്ചത്.
തോളെല്ലിനും കൈയ്ക്കും ഇടയിലുള്ള ഭാഗത്താണ് വിദ്യാർഥിക്ക് വെടിയേറ്റത്. പരിക്കേറ്റ അഞ്ചുമൂല സ്വദേശിയായ വിദ്യാർഥിയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് പുറത്തുവരുന്ന വിവരം. ബുള്ളറ്റ് പുറത്തെടുക്കുന്നതിനുള്ള ശസ്ത്രക്രിയ നടത്താനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.
പഴക്കമുള്ള ചെറിയ റിവോൾവറാണ് വിദ്യാർഥിയുടെ കൈവശമുണ്ടായിരുന്നതെന്നാണ് പ്രാഥമിക സൂചന. കൊടുമുണ്ട സ്വദേശിയായ വിദ്യാർഥിയാണ് തോക്കുമായി സ്കൂളിലെത്തിയത്. തോക്ക് തൃത്താല പൊലീസ് കസ്റ്റഡിയിലെടുത്തു.
സംഭവത്തിൽ തൃത്താല പൊലീസിന്റെ നേതൃത്വത്തിൽ സ്കൂളിൽ പരിശോധന തുടരുകയാണ്. തോക്ക് എവിടെനിന്ന് ലഭിച്ചുവെന്നും വിദ്യാർഥി ഇത് സ്കൂളിലേക്ക് കൊണ്ടുവന്നതിന്റെ സാഹചര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. വിദ്യാർഥിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
സ്കൂൾ പരിസരത്ത് തോക്കുമായി വിദ്യാർഥി എത്തിയതും സഹപാഠിക്ക് വെടിയേറ്റതും വലിയ ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്.


