കൊച്ചി: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ ഈ മാസം 30ന് പ്രഖ്യാപിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പൊതു സമ്മതനായ സ്ഥാനാർത്ഥി നിലമ്പൂരിൽ വരുമെന്നും അനുയോജ്യമായ ആളെ തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു. തിരഞ്ഞെടുപ്പില്‍ എൽ ഡി എഫിന് വലിയ ഭൂരിപക്ഷം ലഭിക്കുമെന്നും ഗോവിന്ദന്‍ വ്യക്തമാക്കി.
‘കഴിഞ്ഞ പാര്‍ലമെന്റിലും അതിന് ശേഷം ഉപതിരഞ്ഞെടുപ്പിലും കണ്ടത് പോലെ ജമാഅത്തെ ഇസ്‌ലാമിയും എസ്ഡിപിഐയും ഉള്‍പ്പെടെ ചേര്‍ന്ന് ബിജെപിയുടെ പിന്തുണയോടെ യുഡിഎഫ് നില്‍ക്കുന്നു. എല്ലാവരുടെയും പൊതു ശത്രു സിപിഐഎമ്മാണ്. നല്ല സംഘര്‍ഷത്തിലാണ് യുഡിഎഫുള്ളത്. അവരുടെ ഇടയിലെ പ്രശ്‌നമാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. അന്‍വറുമായുള്ള പ്രശ്‌നം മാത്രമല്ല, അവര്‍ക്കിടയില്‍ തന്നെ വലിയ പ്രശ്‌നമാണുള്ളത്’, യുഡിഎഫിൽ അകത്തും പുറത്തും പൊട്ടിത്തെറിയുണ്ടെന്നു ഗോവിന്ദന്‍ പറഞ്ഞു.
സിപിഐഎമ്മിനെ സംബന്ധിച്ച് അന്‍വര്‍ വലിയ പ്രേശ്നമല്ല. ഒരു പാര്‍ട്ടി അംഗം പോലും അന്‍വറിനൊപ്പം പോയില്ലെന്നും അതൊരു അത്ഭുതകരമായ സംഭവമാണ്. ഇത്രയും കാലം എംഎല്‍എയായി, നമ്മള്‍ സ്വതന്ത്രനായി മത്സരിപ്പിച്ച് വിജയിപ്പിച്ച അദ്ദേഹം ഇടതുപക്ഷ ജനാധിപത്യ മുന്നണി വിട്ട് പോകുമ്പോള്‍ ഒരു പാര്‍ട്ടി മെമ്പര്‍ പോലും പാര്‍ട്ടി വിട്ട് പോയിട്ടില്ലെന്നതാണ് നിലമ്പൂരിന്റെ പ്രത്യേകത. നിലമ്പൂരില്‍ അന്‍വര്‍ എഫക്ടുണ്ടെന്ന് മുമ്പും പറഞ്ഞിട്ടില്ല, ഇനിയും പറയില്ല എന്നും എം വി ഗോവിന്ദൻ മാധ്യമങ്ങളോട് പ്രതികരിച്ചു.






