ന്യൂഡൽഹി : ഇന്ത്യയുടെ അഭ്യർത്ഥന പ്രകാരം ആദ്യ സിൽവർ നോട്ടീസ് പുറപ്പെടുവിച്ച് ഇന്റർപോൾ . വിസ തട്ടിപ്പുമായി ബന്ധപ്പെട്ട് അന്വേഷിക്കുന്ന മുൻ ഫ്രഞ്ച് എംബസി ഉദ്യോഗസ്ഥൻ ശുഭം ഷോകീന്റെ ആഗോള സ്വത്തുക്കൾ കണ്ടെത്താനുള്ള ഇന്ത്യയുടെ അഭ്യർത്ഥനയിലാണ് ഇന്റർപോൾ ആദ്യത്തെ സിൽവർ നോട്ടീസ് പുറപ്പെടുവിച്ചത്. അതേസമയം ഷോകീന്റെ ഒളിത്താവളം കണ്ടെത്തുന്നതിനായി സിബിഐ നേരത്തെ ഒരു ബ്ലൂ നോട്ടീസ് പ്രസിദ്ധീകരിച്ചിരുന്നു. ലോകമെമ്പാടുമുള്ള അനധികൃത സ്വത്തുക്കളുടെ നീക്കം നിരീക്ഷിക്കുന്നതിനായി ഈ വർഷം ജനുവരിയിൽ ഇന്റർപോൾ അവതരിപ്പിച്ച കളർ കോഡുള്ള നോട്ടീസാണ് സിൽവർ നോട്ടീസ്. വിദേശ രാജ്യങ്ങളിൽ നിന്ന് പ്രത്യേക വിവരങ്ങൾ തേടുന്നതിനായി ഇന്റർപോൾ ഒമ്പത് തരം കളർ കോഡഡ് നോട്ടീസുകൾ ആണ് പുറപ്പെടുവിച്ചിരിക്കുന്നത്.
ദീർഘനാൾ കാണാതിരുന്ന ഒരു വ്യക്തിയെ കസ്റ്റഡിയിലെടുക്കുന്നതിന് ചുവപ്പ്, കൂടുതൽ വിവരങ്ങൾ തേടുന്നതിന് നീല, തിരിച്ചറിയാൻ കഴിയാത്ത മൃതദേഹങ്ങൾക്ക് കറുപ്പ്, കാണാതായ വ്യക്തികൾക്ക് മഞ്ഞ എന്നിങ്ങനെയാണ് നോട്ടീസുകൾക്കായി ഉപയോഗിച്ചിരിക്കുന്ന ചില നിറങ്ങൾ. സിൽവർ നിറത്തിലൂടെ വഞ്ചന , അഴിമതി , മയക്കുമരുന്ന് കേസ് മറ്റ് ഗുരുതരമായ കുറ്റകൃത്യങ്ങൾ തുടങ്ങിയ ഒരു വ്യക്തിയുടെ ക്രിമിനൽ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ആസ്തികളെക്കുറിച്ചുള്ള വിവരങ്ങൾ തേടാനുള്ള കഴിവ് ഒകെ ഉൾപ്പെടുന്നു. കൂടാതെ സ്വത്തുക്കൾ, വാഹനങ്ങൾ, സാമ്പത്തിക അക്കൗണ്ടുകൾ, ബിസിനസുകൾ എന്നിവയുൾപ്പെടെ വെളുപ്പിച്ച ആസ്തികൾ കണ്ടെത്തുന്നതിനും തിരിച്ചറിയുന്നതിനും വിവരങ്ങൾ നേടുന്നതിനും നോട്ടീസ് സഹായിക്കുമെന്ന് പറയുന്നു.






