ന്യൂഡൽഹി: അഫ്ഗാനിസ്ഥാൻ പൗരന്മാർക്കുള്ള വിസ സേവനം പുനരാരംഭിച്ച് ഇന്ത്യ. ബിസിനസ്, വിദ്യാഭ്യാസം, ചികിത്സ എന്നിവയ്ക്കായി ഇന്ത്യ സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇപ്പോൾ ഓൺലൈനായി വിസയ്ക്ക് അപേക്ഷിക്കാം. 2021 ഓഗസ്റ്റിൽ താലിബാൻ അധികാരം പിടിച്ചെടുത്തതിനുശേഷം, കാബൂളിലെ എംബസിയിൽ നിന്ന് ഇന്ത്യ ഉദ്യോഗസ്ഥരെ പിൻവലിക്കുകയും വിസ സേവനങ്ങൾ താൽക്കാലികമായി നിർത്തിവെയ്ക്കുകയും ചെയ്തിരുന്നു.
അപേക്ഷകർ പേര്, ജനന തിയതി, ദേശീയത, എക്സ്പയറി തീയതി തുടങ്ങിയ വ്യക്തിഗത വിവരങ്ങൾ അടങ്ങിയ അഫ്ഗാൻ നാഷണൽ ഐഡന്റിറ്റി കാർഡ് (തസ്കിറ) ഓൺലൈനായി അപ്ലോഡ് ചെയ്യണം. ബിസിനസ് കാർഡുകൾ, ഇൻവിറ്റേഷൻ ലെറ്റർ മുതലായവ ഉൾപ്പെടെയുള്ള എല്ലാ രേഖകളും ഇംഗ്ലീഷിലായിരിക്കണം. അല്ലാത്തപക്ഷം അപേക്ഷ നിരസിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് നോട്ടീസിൽ പറയുന്നു. ഇന്ത്യയിൽ എത്തുമ്പോൾ അപേക്ഷകന്റെ ബയോമെട്രിക് വിശദാംശങ്ങൾ ശേഖരിക്കും.
ബിസിനസ് വിസയ്ക്ക് അപേക്ഷിക്കുന്നവർ സന്ദർശനത്തിന്റെ ഉദ്ദേശ്യം വ്യക്തമാക്കണം. ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസ് സ്കോളർഷിപ്പുകൾ ലഭിച്ചവർക്കും സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം ആഗ്രഹിക്കുന്നവർക്കും വിദ്യാർത്ഥി വിസ നൽകും. രോഗികൾക്ക് മെഡിക്കൽ വിസയും രോഗികളുടെ സഹായികൾക്ക് മെഡിക്കൽ അറ്റൻഡന്റ് വിസയും നൽകും.
‘എൻട്രി വിസ’ എന്ന വിസ വിഭാഗവുമുണ്ട്. ഇതിന് കീഴിൽ ഇന്ത്യയിലെ പ്രശസ്ത സ്ഥാപനങ്ങൾ സ്പോൺസർ ചെയ്യുന്ന സാംസ്കാരിക പരിപാടികളിലും മറ്റും പ്രതിഫലമില്ലാതെ ഹ്രസ്വകാലത്തേക്ക് പങ്കെടുക്കാൻ അഫ്ഗാൻ പൗരന്മാർക്ക് അനുമതി നൽകും. യാത്രയിൽ ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷന്റെ (ഇടിഎ) പകർപ്പ് കയ്യിലുണ്ടാകണം. യാത്ര ആരംഭിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിസ പോർട്ടലിൽ ഇടിഎ സ്റ്റാറ്റസ് ‘ഗ്രാന്റഡ്’ എന്ന് ഉണ്ടെങ്കിൽ മാത്രമേ യാത്ര ചെയ്യാൻ സാധിക്കൂ.
Content: India resumes visas for Afghan citizens






