തിരുവനന്തപുരം : മുഖ്യമന്ത്രിയും മന്ത്രിമാരും 140 നിയമസഭാ മണ്ഡലങ്ങളിലും സഞ്ചരിച്ച് ജനങ്ങളുമായി സംവാദിച്ച നവകേരള സദസ്സിൽ ഉയർന്നുവന്ന വികസന പദ്ധതികൾ നടപ്പാക്കാൻ 982.01 കോടി രൂപ അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. നവകേരസദസ്സിൽ ജനങ്ങൾ ആവശ്യപ്പെട്ട വിവിധ വികസന പ്രവർത്തനങ്ങൾക്കാണ് ഈ തുക. കൂടാതെ പദ്ധതി നടത്തിപ്പിനായി സംസ്ഥാന ആസൂത്രണ ബോർഡ് തയ്യാറാക്കിയ മാർഗനിർദ്ദേശങ്ങൾ ഭേദഗതിയോടെ അംഗീകരിച്ചിരുന്നു. നവകേരളസദസ്സിൽ ജനങ്ങൾ ആവശ്യപ്പെട്ട വികസന പ്രവർത്തനങ്ങൾക്കും നിർദ്ദേശങ്ങൾക്കും മുൻഗണന അനുസരിച്ച് അനുമതി നൽകാൻ കമ്മിറ്റിയെയും നിയോഗിച്ചു.
കൂടാതെ സാങ്കേതികമോ മറ്റ് കാരണങ്ങളോ മൂലം നിലവിലെ പദ്ധതികൾക്ക് പകരം പുതിയ/അധിക പദ്ധതികൾ അംഗീകരിക്കുവാനുള്ള അനുമതി നൽകുവാനും ചീഫ് സെക്രട്ടറി, സെക്രട്ടറി, ബന്ധപ്പെട്ട ജില്ലാ കളക്ടർ എന്നിവരടങ്ങുന്ന കമ്മിറ്റിയെ അധികാരപ്പെടുത്തി.അതേസമയം ഓരോ നിയമസഭാ മണ്ഡലത്തിലും പരമാവധി ഏഴ് കോടി രൂപ വീതമാണ് അനുവദിക്കുക. മലപ്പുറം ജില്ലയുടെ കാര്യത്തിൽ അറിയിപ്പ് പിന്നീട് ഉണ്ടാകും. യൂപി സ്കൂളായി അപ്ഗ്രേഡ് ചെയ്യൽ, ശുപാർശകൾ അംഗീരിക്കൽ, ടെൻഡർ അംഗീകരിക്കൽ, വിരമിക്കൽ പ്രായം ഉയർത്തൽ ,സി കണ്ണൻ സ്മാരക പ്രതിമ തുടങ്ങിയവ ആവശ്യങ്ങളും ഈ പരിഗണയിലുണ്ട്.






