പെരുമ്പാവൂരിൽ അന്യസംസ്ഥാന തൊഴിലാളികൾക്കിടയിലെ പരസ്യമായ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ അതിവേഗം ശക്തമായ നടപടി സ്വീകരിച്ച കേരള സർക്കാരിനും പൊലീസ് വകുപ്പിനും നന്ദി അറിയിച്ച് നടൻ ഉണ്ണി മുകുന്ദൻ. മയക്കുമരുന്ന് ഭീഷണിക്കും സംഘടിത ലഹരി ശൃംഖലകൾക്കുമെതിരെ പെരുമ്പാവൂരിൽ ഇപ്പോൾ നടക്കുന്ന ഓപ്പറേഷൻ തൂഫാൻ നടപടികൾക്കാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എന്നിവർക്ക് താരം നന്ദി രേഖപ്പെടുത്തിയത്. ‘ഓപ്പറേഷൻ തൂഫാൻ’ എന്ന ലഹരിവിരുദ്ധ റെയ്ഡുകൾ വലിയ രീതിയിലുള്ള അറസ്റ്റുകളിലേക്ക് നയിച്ചതായും മയക്കുമരുന്ന് സംബന്ധമായ കുറ്റകൃത്യങ്ങൾ സംസ്ഥാനത്ത് ഒരു തരത്തിലും വെച്ചുപൊറുപ്പിക്കില്ല എന്ന ശക്തമായ മുന്നറിയിപ്പാണ് ഇത് നൽകുന്നതെന്നും ഉണ്ണി മുകുന്ദൻ കുറിച്ചു.
പെരുമ്പാവൂരിലെ ലഹരി ഉപയോഗത്തിന്റെ യഥാർഥ സാഹചര്യം ദൃശ്യങ്ങൾ പകർത്തി പൊതുജനശ്രദ്ധയിൽ കൊണ്ടുവന്ന ചെറുപ്പക്കാർക്കും അഭിനന്ദനമുണ്ട്. അവർ ഓൺലൈനിൽ പങ്കുവെച്ച വിഡിയോയിലൂടെയാണ് താൻ ഈ ഗുരുതരമായ പ്രശ്നത്തെക്കുറിച്ച് അറിയുന്നത്. തുടർന്ന് ഈ വിവരം അടിയന്തരമായി കേരള പോലീസിന് കൈമാറുകയായിരുന്നു. വിവരമറിഞ്ഞ് അതിവേഗം പ്രതികരിച്ച പൊലീസ് വകുപ്പിനെയും അതിന്റെ ഐ.ടി സെല്ലിനെയും താരം പ്രശംസിച്ചു. ആദ്യത്തെ അറസ്റ്റുകളിൽ മാത്രം ഒതുങ്ങാതെ, ഈ ക്രാക്ക്ഡൗൺ അതേ വീര്യത്തോടെ മുന്നോട്ട് കൊണ്ടുപോകാനും തുടർച്ചയായ നടപടികൾ സ്വീകരിക്കാനും പോലീസ് കാണിച്ച നിശ്ചയദാർഢ്യമാണ് തന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചതെന്ന് ഉണ്ണി മുകുന്ദൻ പറയുന്നു.






