ന്യൂഡല്‍ഹി: നീറ്റ് പുനഃപരീക്ഷയ്ക്ക് ഇന്ത്യന്‍ വ്യോമയാന സേനയുടെ (ഐഎഎഫ്) സഹായവും. ചോദ്യപേപ്പർ സുരക്ഷ ഉറപ്പാക്കാൻ ഇന്ത്യൻ വ്യോമസേനയുടെ (IAF) സഹായം കേന്ദ്രം തേടി. Mi-17 ഹെലികോപ്റ്ററുകൾ ഉൾപ്പെടെ ഉപയോഗിച്ച് രാജ്യത്തെ വിവിധ പരീക്ഷാ കേന്ദ്രങ്ങളിലേക്ക് ചോദ്യപേപ്പറുകൾ സുരക്ഷിതമായി എത്തിക്കാനാണ് തീരുമാനം.
പരീക്ഷാ നടത്തിപ്പിലെ ചോദ്യപേപ്പർ ചോർച്ച തടയുന്നതിനായി 18 പ്രത്യേക കേന്ദ്രങ്ങളിൽ ചോദ്യപേപ്പർ തയ്യാറാക്കുന്ന സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ഇവിടെ നിന്ന് വിതരണ കേന്ദ്രങ്ങളിലേക്കും പരീക്ഷാ കേന്ദ്രങ്ങളിലേക്കും അതീവ സുരക്ഷയിൽ ചോദ്യപേപ്പറുകൾ എത്തിക്കും.
ചോദ്യപേപ്പർ തയ്യാറാക്കുന്ന ഉദ്യോഗസ്ഥരെയും അധ്യാപകരെയും ഇന്റർനെറ്റ്, മൊബൈൽ ഫോൺ എന്നിവ പൂർണ്ണമായി വിലക്കിയ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. ജൂൺ 21 വരെ ഇവർക്ക് പുറത്ത് പോകാൻ അനുമതിയില്ല.
ചില ഉദ്യോഗസ്ഥര്‍ക്ക് മാത്രമാകും പ്രത്യേക കേന്ദ്രത്തില്‍ നിന്ന് പുറത്ത് പോകാന്‍ അനുമതിയുള്ളത്. പുറത്ത് പോകലും തിരിച്ചുവരവും കർശനമായി നിരീക്ഷിക്കുകയും രേഖപ്പെടുത്തുകയും ചെയ്യും. മുൻപ് ചോദ്യപേപ്പർ ചോർന്നതിനെ തുടർന്ന് പരീക്ഷ റദ്ദാക്കേണ്ടി വന്ന സാഹചര്യത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തവണ ശക്തമായ സുരക്ഷാ നടപടികൾ സ്വീകരിച്ചിരിക്കുന്നത്.






