Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കളിച്ചുവളരേണ്ട പ്രായത്തിൽ കുരുതിക്കളങ്ങൾ; കൗമാരക്കുറ്റകൃത്യങ്ങളുടെ ഭീതിയിൽ കേരളം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കുട്ടികൾ കളിച്ചുവളരേണ്ട പ്രായത്തിൽ കൊലപാതകങ്ങൾ ആസൂത്രണം ചെയ്യുന്നു. സൗഹൃദവും പ്രണയവും പ്രതികാരവും എല്ലാം ക്രിമിനൽ ചിന്തകൾക്ക് വഴിമാറുന്നു. കേരളത്തിന്റെ സമാധാനപരമായ സാമൂഹിക അന്തരീക്ഷത്തെ പോലും ചോദ്യം ചെയ്യുന്ന തരത്തിലാണ് സമീപകാലത്ത് പുറത്തുവരുന്ന കുറ്റകൃത്യങ്ങൾ. തിരുവനന്തപുരത്തെ പാങ്ങപ്പാറയിൽ പതിനേഴുകാരനായ അഭിരാമിനെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവം അതിന്റെ ഏറ്റവും ഭീതിപ്പെടുത്തുന്ന ഉദാഹരണമാണ്. പ്രണയപ്പകയും വ്യക്തിവൈരാഗ്യവും പ്രതികാരചിന്തയും ചേർന്നുണ്ടാക്കിയെന്ന് പൊലീസ് സംശയിക്കുന്ന കൊലപാതകം. കാണാതായ അഭിരാമിനായി വീട്ടുകാർ നടത്തിയ തിരച്ചിലിനൊടുവിൽ കണ്ടെത്തിയത് ചാക്കിൽ പൊതിഞ്ഞ നിലയിലുള്ള മൃതദേഹം.

നവംബർ ഒന്നിന് വീട്ടിൽനിന്ന് സുഹൃത്തിനെ കാണാനെന്ന് പറഞ്ഞ് ഇറങ്ങിയ അഭിരാം പിന്നീട് തിരിച്ചെത്തിയില്ല. തുടർന്ന് കുടുംബം പൊലീസിൽ പരാതി നൽകി. അന്വേഷണത്തിനൊടുവിൽ പാങ്ങപ്പാറയിലെ വിജനമായ സ്ഥലത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് അന്വേഷണത്തിൽ പുറത്തുവന്ന വിവരങ്ങൾ ഞെട്ടിക്കുന്നതാണ്. പതിനേഴുകാരനായ മറ്റൊരു വിദ്യാർഥിയാണ് കൊലപാതകത്തിന്റെ മുഖ്യപ്രതിയെന്നാണ് പൊലീസ് പറയുന്നത്. മുൻ കാമുകി മറ്റൊരു യുവാവുമായി ബന്ധത്തിലായതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. ലക്ഷ്യമിട്ടത് മറ്റൊരു യുവാവിനെയായിരുന്നുവെന്നും അതിനായി അഭിരാമിനെ ഉപയോഗിച്ച് സുഹൃത്തിനെ വിളിച്ചുവരുത്താൻ ശ്രമിച്ചെന്നുമാണ് അന്വേഷണത്തിൽ പുറത്തുവന്ന വിവരം.

ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉപയോഗിച്ചുള്ള കെണിയും ഈ സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. പെൺസുഹൃത്തിന്റെ അക്കൗണ്ട് ഉപയോഗിച്ച് അഭിരാമിനെ വിജനമായ സ്ഥലത്തേക്ക് വിളിച്ചുവരുത്തിയെന്നാണ് ആരോപണം. കൊലപാതകത്തിനുശേഷം മൃതദേഹം ഒളിപ്പിക്കാനും തെളിവുകൾ നശിപ്പിക്കാനും ശ്രമമുണ്ടായെന്നും പൊലീസ് പറയുന്നു. എന്നാൽ ഈ കേസിനെ കൂടുതൽ ഗൗരവമുള്ളതാക്കുന്നത് പ്രായപൂർത്തിയായവരുടെ പങ്കാണ്. കൊലപാതകത്തിൽ സഹായിച്ചെന്ന ആരോപണത്തിൽ ഉമർ എന്ന ക്രിമിനൽ പശ്ചാത്തലമുള്ള യുവാവിനെയും പതിനെട്ടുകാരിയായ പെൺസുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

മുൻപും മോഷണക്കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളതും കാപ്പ നിയമനടപടികൾ നേരിട്ടിട്ടുള്ളതുമായ വ്യക്തിയാണ് ഉമറെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. കുറ്റകൃത്യങ്ങൾ ആസൂത്രണം ചെയ്യാനും നടപ്പാക്കാനും കൗമാരക്കാരെ സഹായിക്കുന്ന മുതിർന്നവരുടെ സാന്നിധ്യം സമൂഹത്തിന് നൽകുന്ന മുന്നറിയിപ്പ് ചെറുതല്ല. പ്രായം കുറഞ്ഞവർ കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുമ്പോൾ ജുവനൈൽ ജസ്റ്റിസ് നിയമത്തിന്റെ പരിധിയിലാണ് നടപടികൾ. എന്നാൽ, പ്രായം കുറഞ്ഞവരെ മാത്രം കുറ്റക്കാരാക്കി മുതിർന്നവരുടെ പങ്ക് മറച്ചുവയ്ക്കാൻ അനുവദിക്കരുത്. കുറ്റകൃത്യത്തിന് പിന്നിലെ ഗൂഢാലോചനയും സഹായവും പ്രേരണയും ഉൾപ്പെടെ ഓരോ കണ്ണിയും പുറത്തുകൊണ്ടുവരേണ്ടതുണ്ട്.

അഭിരാമിന്റെ കൊലപാതകം ഒറ്റപ്പെട്ട സംഭവമായി കാണാനാകില്ല. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് പുറത്തുവരുന്ന സമാനമായ സംഭവങ്ങൾ സമൂഹത്തെ കൂടുതൽ ആശങ്കയിലാഴ്ത്തുകയാണ്. ആലപ്പുഴയിലെ കരുവാറ്റയിൽ 67കാരനായ ശിവൻകുട്ടി ചെട്ടിയാരുടെ കൊലപാതകത്തിന് പിന്നിൽ പതിമൂന്നുകാരിയായ പേരക്കുട്ടിയും മൂന്ന് സുഹൃത്തുക്കളുമാണെന്നാണ് പൊലീസ് കണ്ടെത്തിയത്. പാലക്കാട് 68കാരിയുടെ കൊലപാതകത്തിൽ 19കാരനും 17കാരനും പ്രതികളായി. 2025 ജനുവരി 1 ന്യൂയെർ ദിനത്തിൽ തൃശൂരിൽ ലിവിൻ ഡേവിസ് എന്ന ചെറുപ്പക്കാരന്റെ കൊലപാതകത്തിൽ 14ഉം 16ഉം വയസ്സുള്ള കൗമാരക്കാരാണ് പ്രതികളായത്. താമരശ്ശേരിയിൽ 15കാരനായ മുഹമ്മദ് ഷഹബാസിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ആറ് വിദ്യാർഥികളെയാണ് പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയത്. ഈ സംഭവങ്ങളിലെല്ലാം തെളിയുന്നത് കുറ്റകൃത്യങ്ങളിലേക്ക് കൗമാരക്കാർ എത്തുന്നുവെന്ന ആശങ്കാജനകമായ യാഥാർഥ്യമാണ്. ചില കേസുകളിൽ മുതിർന്നവരുടെ പങ്കും മറ്റു ചിലതിൽ കൗമാരക്കാർ തന്നെ ആസൂത്രകരാകുന്ന സാഹചര്യവുമുണ്ട്. ഏതു പ്രശ്നത്തിനുമുള്ള ഏറ്റവും എളുപ്പത്തിലുള്ള പ്രതിവിധി അക്രമവും കൊലപാതകവുമൊക്കെയാണെന്ന് ആരാണ് ഈ തലമുറയെ പഠിപ്പിച്ചിരിക്കുന്നത്? എങ്ങനെയാണ് ഈ ദുഷിച്ച ബോധ്യത്തിൽനിന്ന് ഇവരെ മോചിപ്പിക്കാനാകുക? ആധിയോടെ ആലോചിച്ചുകൂട്ടുകമാത്രമല്ല, അർഥപൂർണമായി അഭിമുഖീകരിക്കുകകൂടി ചെയ്യേണ്ടുന്ന ചോദ്യങ്ങളാണ് ഇവയെല്ലാം.

സോഷ്യൽ മീഡിയയുടെ ദുരുപയോഗം, ലഹരിസംഘങ്ങളുടെ സ്വാധീനം, പ്രതികാര മനോഭാവം, കുടുംബബന്ധങ്ങളിലെ അകൽച്ച, കുട്ടികളുടെ പെരുമാറ്റത്തിൽ സമൂഹം പുലർത്തുന്ന അശ്രദ്ധ തുടങ്ങി നിരവധി ഘടകങ്ങളും ഗൗരവമായി പരിശോധിക്കേണ്ടതുണ്ട്. കൗമാരക്കാരുടെ ജീവിതത്തിലേക്ക് കുറ്റകൃത്യങ്ങൾ കടന്നുവരുമ്പോൾ അത് നിയമപാലകരുടെ മാത്രം ഉത്തരവാദിത്തമല്ല. കുടുംബത്തിനും വിദ്യാലയങ്ങൾക്കും സമൂഹത്തിനും ഒരുപോലെ ഉത്തരവാദിത്തമുണ്ട്.അഭിരാമിന്റെ മരണം ഒരു കുടുംബത്തിന്റെ മാത്രം വേദനയായി അവസാനിക്കരുത്. കുറ്റകൃത്യങ്ങൾ ചെയ്താൽ പ്രായത്തിന്റെ മറവിൽ രക്ഷപ്പെടാമെന്ന ധാരണയും കുറ്റവാളികൾക്ക് കൗമാരക്കാരെ ഉപയോഗിക്കാമെന്ന ധൈര്യവും തകർക്കപ്പെടണം. പ്രായത്തിന്റെ മറവിൽ കുറ്റകൃത്യങ്ങളുടെ ഗൗരവം കുറച്ചുകാണാനാകില്ല. ഇനിയൊരു അഭിരാമിന്റെ ജീവൻ കൂടി ഇത്തരത്തിൽ പൊലിഞ്ഞുപോകാതിരിക്കാനുള്ള പ്രതിരോധവും ശക്തമാകണം. കുട്ടികൾക്ക് സുരക്ഷിതമായ ബാല്യവും കൗമാരവും ഉറപ്പാക്കേണ്ട കേരളത്തിൽ ഉയരുന്ന ഈ ചോദ്യത്തിന് സമൂഹവും ഭരണകൂടവും ഒരുപോലെ മറുപടി പറയേണ്ട സമയമാണിത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix