കൊച്ചി: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കിടപ്പിലായ യുവതിക്ക് 2.07 കോടി രൂപ നഷ്ടപരിഹാരം വിധിച്ച് മോട്ടോർ ആക്‌സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണൽ. പനങ്ങാട് സ്വദേശിനി സി.ആർ. സോനുവിനാണ് (32) നഷ്ടപരിഹാരം അനുവദിച്ചത്. രണ്ട് മാസത്തിനകം തുക നൽകണമെന്ന് ഇൻഷുറൻസ് കമ്പനിക്ക് ട്രൈബ്യൂണൽ നിർദേശം നൽകി.
2021 ഡിസംബർ 26ന് രാവിലെ 6.30നായിരുന്നു കേസിനാസ്പദമായ അപകടം. ചേർത്തല കെ.വി.എം ആശുപത്രിയിലെ നഴ്‌സായിരുന്ന സോനു ജോലിക്ക് പ്രവേശിക്കുന്നതിനായി ആശുപത്രിക്ക് മുന്നിൽ റോഡ് മുറിച്ചുകടക്കാൻ കാത്തുനിൽക്കുകയായിരുന്നു. ഇതിനിടെ അമിതവേഗത്തിലെത്തിയ കാർ യുവതിയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
അപകടത്തിൽ സോനുവിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. തുടർന്ന് ദീർഘനാൾ ആശുപത്രിയിൽ ചികിത്സയിൽ കഴിയേണ്ടിവന്നു. അപകടത്തെത്തുടർന്ന് പൂർണമായും കിടപ്പിലായ യുവതിക്ക് ദൈനംദിന കാര്യങ്ങൾ പോലും മറ്റൊരാളുടെ സഹായമില്ലാതെ ചെയ്യാൻ കഴിയാത്ത അവസ്ഥയാണുള്ളത്.
അപകടത്തെ തുടർന്നുണ്ടായ ഗുരുതരമായ ശാരീരിക ബുദ്ധിമുട്ടുകളും തുടർജീവിതത്തിലെ പ്രതിസന്ധികളും പരിഗണിച്ചാണ് 2.07 കോടി രൂപ നഷ്ടപരിഹാരം അനുവദിച്ചിരിക്കുന്നത്. ഉത്തരവ് പ്രകാരം രണ്ട് മാസത്തിനകം ഇൻഷുറൻസ് കമ്പനി നഷ്ടപരിഹാരത്തുക കൈമാറണം.


