ജറൂസലെം: ഇസ്രായേലിനുള്ളിൽ നിന്ന് ഇറാന്റെ രഹസ്യാന്വേഷണ ഏജൻസിക്കുവേണ്ടി പ്രവർത്തിച്ചെന്നാരോപിച്ച് ഒരു യുവാവിനെ ഇസ്രായേൽ പൊലീസ് അറസ്റ്റ് ചെയ്തു. ബാറ്റ് യാമില്‍ സ്വദേശിയായ മുപ്പതുവയസ്സിന് മുകളിലുള്ള യുവാവാണ് അറസ്റ്റിയത്.
ഇയാൾ കഴിഞ്ഞ അഞ്ച് മാസമായി ഓൺലൈൻ വഴി ഒരു ഇറാനിയൻ ഏജന്റുമായി നിരന്തരം ബന്ധം പുലർത്തിയിരുന്നു. മെയ് മാസത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കേസിൽ അടുത്ത ദിവസങ്ങളിൽ കുറ്റപത്രം സമർപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു. എന്നാൽ ഇയാൾ ചെയ്തതായി ആരോപിക്കുന്ന പ്രത്യേക കുറ്റകൃത്യങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ഇസ്രായേൽ ആഭ്യന്തര സുരക്ഷാ ഏജൻസിയായ ഷിൻ ബെറ്റും പൊലീസും സംയുക്തമായാണ് അന്വേഷണം നടത്തിയത്. ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ചാരപ്രവർത്തന കേസുകളിൽ സമീപ വർഷങ്ങളിലായി നിരവധി പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
അതേസമയം, സോഷ്യൽ മീഡിയ വഴിയാണ് ഇറാൻ സാധാരണ പൗരന്മാരെ ചാരപ്രവർത്തനത്തിനായി റിക്രൂട്ട് ചെയ്യുന്നതെന്ന് ഇസ്രായേൽ ആരോപിച്ചു. സാമ്പത്തിക പ്രതിഫലം വാഗ്ദാനം ചെയ്ത് ആദ്യം ലഘുവായ ജോലികളും പിന്നീട് കൂടുതൽ ഗൗരവമേറിയ പ്രവർത്തനങ്ങളും ചെയ്യിക്കാൻ ശ്രമിക്കുന്നതായും ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ ആരോപിക്കുന്നു.






