കോഴിക്കോട്: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നഗരത്തിൽ പോലീസ്, ഡാൻസാഫ് സംഘം എന്നിവർ നടത്തിയ പരിശോധനയ്ക്കിടെ വാഹനം ഉപേക്ഷിച്ച് യുവാവും യുവതിയും രക്ഷപ്പെട്ടു. ഇവർ ഉപേക്ഷിച്ച കാറിൽ നിന്ന് ഏഴ് ഗ്രാം എംഡിഎംഎ കണ്ടെത്തി.
നന്മണ്ട സ്വദേശി അനന്ദു (ടോബി), പുതിയാപ്പ സ്വദേശിനി കീർത്തന എന്നിവരാണ് രക്ഷപ്പെട്ടത്. അനന്ദു നേരത്തെ നിരവധി മയക്കുമരുന്ന് കേസുകളിലും ഒരു അപകട മരണ കേസിലും പ്രതിയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. കീർത്തന നഗരത്തിലെ വാടക മുറികൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന നടത്തിയിരുന്നതായി പോലീസ് കണ്ടെത്തി. പ്രതികൾ ഉപയോഗിച്ച കാർ പോലീസ് കസ്റ്റഡിയിലെടുത്തു.
തുടർന്ന് പ്രതികൾ താമസിച്ചിരുന്ന വാടക മുറികളിൽ നടത്തിയ പരിശോധനയിൽ മൂന്ന് മൊബൈൽ ഫോണുകൾ, ഒരു ഇലക്ട്രോണിക് ത്രാസ്, 85,100 രൂപ എന്നിവ പിടിച്ചെടുത്തു. ഇരുവരും കുറച്ചുകാലമായി ഡാൻസാഫ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നുവെന്നും പ്രതികൾക്കായി അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.






