കൊച്ചി: അനധികൃതമായി വ്യാജമദ്യമടക്കം വീട്ടിൽ സൂക്ഷിച്ചെന്ന കേസിൽ ജയിലിൽ കഴിയുന്ന ആന്റോ അഗസ്റ്റിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്.
മാനന്തവാടി ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ആന്റോ അഗസ്റ്റിന് കോടതി ഉത്തരവ് ലഭിച്ച ശേഷം ജയിൽ നടപടികൾ പൂർത്തിയാക്കി പുറത്തിറങ്ങാം. ഇന്ന് തന്നെ ജയിൽ മോചിതനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മദ്യം പിടികൂടിയ വീട് വായ്പ കുടിശ്ശികയെ തുടർന്ന് ബാങ്ക് ‘സർഫാസി’ നിയമപ്രകാരം പിടിച്ചെടുത്ത് വിറ്റതാണെന്നും അതിനാൽ വീടുമായി ഇപ്പോൾ തനിക്ക് ഉടമസ്ഥാവകാശ ബന്ധമില്ലെന്നുമാണ് ആന്റോ കോടതിയിൽ വാദിച്ചത്. വീട്ടിൽനിന്ന് മദ്യം പിടികൂടിയതിന് താൻ ഉത്തരവാദിയല്ലെന്നും അദ്ദേഹം വാദിച്ചു.
എന്നാൽ കെട്ടിടത്തിന്റെ കൈവശാവകാശം ഇപ്പോഴും ആന്റോയുടെ പേരിലാണെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. വൈദ്യുതി, വെള്ളം ബില്ലുകളും ആന്റോയുടെ പേരിലാണ് വരുന്നതെന്നും അന്വേഷണത്തോട് പ്രതി സഹകരിക്കുന്നില്ലെന്നും പ്രോസിക്യൂഷൻ ആരോപിച്ചു.
കെട്ടിടത്തിന്റെ ഉടമസ്ഥാവകാശവും കൈവശാവകാശവും സംബന്ധിച്ച് തർക്കങ്ങളും സംശയങ്ങളും നിലനിൽക്കുന്നുണ്ടെന്ന് കോടതി നിരീക്ഷിച്ചു. കസ്റ്റഡിയിൽ ചോദ്യം ചെയ്യൽ പൂർത്തിയായതിനാൽ ആന്റോ ജയിലിൽ തുടരേണ്ട സാഹചര്യമില്ലെന്നും കോടതി വ്യക്തമാക്കി. അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോൾ ഹാജരാകണമെന്ന നിർദേശത്തോടെയാണ് കോടതി ജാമ്യം അനുവദിച്ചത്.












