കോഴിക്കോട്: ഓമശ്ശേരി കല്ലുരുട്ടിയിലെ എസ്എംഎ ബാധിതരായ മൂന്ന് കുരുന്നുകളുടെ ചികിത്സയ്ക്കായുള്ള ധനസമാഹരണത്തിനെതിരെ വ്യാജ പ്രചാരണം. ചികിത്സയ്ക്ക് ആവശ്യമായ 50 കോടി രൂപ സമാഹരിച്ചെന്നും ഇനി ആരും പണം അയക്കേണ്ടതില്ലെന്നും പ്രചരിപ്പിക്കുന്ന വാട്സ്ആപ്പ് ഓഡിയോ സന്ദേശമാണ് സഹായ സമിതിക്ക് തിരിച്ചടിയായത്.
വ്യാജ സന്ദേശം പ്രചരിക്കുന്നതിനെതിരെ പൊലീസിൽ പരാതി നൽകാനാണ് സഹായ സമിതിയുടെ തീരുമാനം. ചികിത്സാ സഹായത്തിനായി പണം സമാഹരിക്കുന്നതിനിടെ ഇത്തരം വ്യാജ പ്രചാരണങ്ങൾ ജനങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ടെന്നാണ് സമിതിയുടെ ആശങ്ക. മൂന്ന് കുരുന്നുകളുടെയും ചികിത്സയ്ക്കായി ധനസഹായം കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെയാണ് വ്യാജ ഓഡിയോ സന്ദേശം പ്രചരിച്ചത്.


