ബെംഗളൂരു: വിമാനം തട്ടിക്കൊണ്ടുപോകുമെന്ന് ഭീഷണിക്കുറിപ്പ് കണ്ടെത്തിയതിനെ തുടർന്ന് ബെംഗളൂരുവിൽ നിന്ന് ലഖ്നൗവിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം അടിയന്തരമായി തിരിച്ചിറക്കി. വിമാനത്തിന്റെ ശുചിമുറിയിൽ നിന്നാണ് ഭീഷണിക്കുറിപ്പ് കണ്ടെത്തിയത്.
178 യാത്രക്കാരുമായി വൈകിട്ട് 5.50ന് പുറപ്പെട്ട ഇൻഡിഗോയുടെ 6E451 വിമാനത്തിലാണ് സംഭവം. കൃത്യം 6.30ന് വിമാനം ഹൈജാക്ക് ചെയ്യുമെന്നായിരുന്നു കുറിപ്പിൽ എഴുതിയിരുന്നത്. കുറിപ്പ് ശ്രദ്ധയിൽപ്പെട്ട യാത്രക്കാരൻ ക്യാബിൻ ക്രൂവിനെ വിവരം അറിയിച്ചു. തുടർന്ന് പൈലറ്റ് എയർ ട്രാഫിക് കൺട്രോളുമായി ബന്ധപ്പെടുകയും വിമാനം ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരിച്ചുവിടുകയുമായിരുന്നു.
വിമാനം സുരക്ഷിതമായി നിലത്തിറക്കിയ ശേഷം യാത്രക്കാരെ പുറത്തിറക്കി. തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ വിമാനത്തിൽ വിശദമായ പരിശോധന നടത്തി. എന്നാൽ സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല.
വിമാനത്തിനുള്ളിൽ ഉണ്ടായിരുന്ന ആരോ ആണ് ഭീഷണിക്കുറിപ്പ് എഴുതിവെച്ചതെന്നാണ് പ്രാഥമിക സംശയം. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥർ യാത്രക്കാരെ ചോദ്യം ചെയ്തു. കുറിപ്പ് എഴുതിയത് ആരാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല.
സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കി അധികൃതരുടെ അനുമതി ലഭിച്ച ശേഷമേ വിമാനം വീണ്ടും യാത്ര തിരിക്കുകയുള്ളൂ. സംഭവത്തിൽ യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ ഇൻഡിഗോ ഖേദം അറിയിച്ചു. യാത്രക്കാർക്ക് ഭക്ഷണം ഉൾപ്പെടെയുള്ള ആവശ്യമായ സഹായങ്ങൾ നൽകുന്നുണ്ടെന്നും കമ്പനി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.


