കൊച്ചി: ചേരാനല്ലൂർ വാഹനാപകടത്തിൽ 55കാരനായ ജയബാലകൃഷ്ണൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയായ 17കാരന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് റിവിഷൻ പെറ്റീഷൻ സമർപ്പിക്കാനാണ് കുടുംബത്തിന്റെ നീക്കം. ജുവനൈൽ ജസ്റ്റിസ് ബോർഡ് നടപടികൾ റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് പുറത്തുവന്നിട്ടും 17കാരന് അനുവദിച്ച സ്റ്റേഷൻ ജാമ്യം നിലനിൽക്കുന്നതാണ് കുടുംബത്തെ വീണ്ടും നിയമനടപടിയിലേക്ക് നയിക്കുന്നത്.
17കാരന്റെ ജാമ്യം റദ്ദാക്കണമെന്ന സർക്കാരിന്റെയും ജയബാലകൃഷ്ണന്റെ കുടുംബത്തിന്റെയും ആവശ്യം നേരത്തെ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമക്കേസുകൾ പരിഗണിക്കുന്ന എറണാകുളം അഡീഷണൽ സെഷൻസ് കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് കുടുംബം ഹൈക്കോടതിയെ സമീപിക്കുന്നത്.
പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ നരഹത്യാക്കുറ്റം ചുമത്തിയ അന്വേഷണ ഉദ്യോഗസ്ഥനെ കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. അതിക്രൂരമായ കുറ്റകൃത്യമല്ലെങ്കിൽ പ്രായപൂർത്തിയാകാത്തയാൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാനാകില്ലെന്ന നിരീക്ഷണവും കോടതി നടത്തി. എഫ്ഐആറിലെ തിരുത്തലുകൾ, അപ്പീലിലെ പിഴവുകൾ എന്നിവയും കോടതി ചൂണ്ടിക്കാട്ടി. കേസിൽ എന്ത് പ്രത്യേകതയാണുള്ളതെന്ന് ചോദിച്ച കോടതി, ചരിത്രത്തിൽ ഇല്ലാത്തതാണ് സംഭവിക്കുന്നതെന്ന പരാമർശവും നടത്തിയിരുന്നു.
അധികാരപരിധിയിലില്ലാത്ത ജാമ്യാപേക്ഷ പരിഗണിച്ചെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് 17കാരന് ജാമ്യം അനുവദിച്ച ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ ഉത്തരവ് കോടതി റദ്ദാക്കിയത്. എന്നാൽ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തള്ളിയതോടെയാണ് കുടുംബം ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനിച്ചത്.
അതേസമയം, കേസിലെ രണ്ടാം പ്രതിയും 17കാരന്റെ പിതാവുമായ അഡീഷണൽ ജില്ലാ ജഡ്ജിക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. അന്വേഷണവുമായി സഹകരിക്കുന്നതും ജുഡീഷ്യൽ ഓഫീസറാണെന്നതും പരിഗണിച്ചായിരുന്നു നടപടി. അറസ്റ്റിന്റെ കാര്യത്തിൽ എന്തിനാണ് ഇത്രയും കടുംപിടിത്തമെന്നും കോടതി സർക്കാരിനോട് ചോദിച്ചിരുന്നു.
അച്ഛന് നീതി ലഭിക്കാനുള്ള പോരാട്ടത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ജയബാലകൃഷ്ണന്റെ മകൾ ഭദ്രകീർത്തി നേരത്തെ വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ മാസം 25ന് പുലർച്ചെയാണ് ജഡ്ജിയുടെ മകൻ ഓടിച്ച ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രക്കാരനായ മഞ്ഞാലി സ്വദേശി ജയബാലകൃഷ്ണൻ (55) മരിച്ചത്. അപകടസമയത്ത് വാഹനം അമിതവേഗത്തിലായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ. 17കാരൻ സ്ഥിരമായി കാർ ഓടിക്കാറുണ്ടായിരുന്നുവെന്നും അപകടത്തിന് മുമ്പ് 104 കിലോമീറ്റർ വേഗത്തിൽ വാഹനം ഓടിക്കുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.
അമിതവേഗത്തിൽ കാർ ഓടിക്കുന്നതിന്റെ റീൽ ചിത്രീകരിക്കാനായാണ് രാത്രി വൈകി വാഹനവുമായി ഇറങ്ങിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. കേസിൽ പ്രതിയായ 17കാരന്റെ ജാമ്യം റദ്ദാക്കണമെന്ന കുടുംബത്തിന്റെ നീക്കം ഇനി ഹൈക്കോടതിയുടെ പരിഗണനയിലെത്തും.


