തിരുവനന്തപുരം: നാട്ടുകാർ മാന്യനെന്ന് കരുതിയ യുവാവ് മുപ്പതോളം വീടുകളിൽ മോഷണം നടത്തിയ കേസിൽ അറസ്റ്റിൽ. മാറനല്ലൂർ സ്വദേശി നിഷാന്ത് (27) ആണ് നരുവാമൂട് പൊലീസിന്റെ പിടിയിലായത്. ഇയാൾ മോഷ്ടിച്ചത് 100 പവനിലധികം സ്വർണവും ലക്ഷക്കണക്കിന് രൂപയുമാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
റസ്സൽപുരം ബെവ്കോയിലെ കയറ്റിറക്ക് തൊഴിലാളിയായിരുന്ന നിഷാന്ത് വീട്ടിൽ പശു ഫാമും നടത്തിയിരുന്നു. നാട്ടുകാർക്കിടയിൽ മാന്യനായി കഴിഞ്ഞിരുന്ന ഇയാൾ നിരവധി മോഷണക്കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറയുന്നു. ആര്യങ്കോട്, കാട്ടാക്കട, മലയിൻകീഴ്, ബാലരാമപുരം പൊലീസ് സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ നിരവധി കേസുകളുണ്ട്. ആദ്യമായാണ് നിഷാന്ത് അറസ്റ്റിലാകുന്നതെന്നും പൊലീസ് വ്യക്തമാക്കി.
വലിയറത്തല ഗോവിന്ദമംഗലം പ്ലാവറത്തലയിലെ വീട്ടിൽ കയറി മോഷണം നടത്തിയ കേസിന്റെ അന്വേഷണത്തിനിടെയാണ് നിഷാന്ത് പിടിയിലായത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ മറ്റ് മോഷണങ്ങളും ഇയാൾ സമ്മതിച്ചതായി പൊലീസ് അറിയിച്ചു. മോഷണത്തിലൂടെ ലഭിച്ച പണം ഉപയോഗിച്ച് കാറുകളും ബൈക്കുകളും വാങ്ങിയിരുന്നു. കൂടാതെ ലക്ഷക്കണക്കിന് രൂപയുടെ ഭാഗ്യക്കുറി ടിക്കറ്റുകളും വാങ്ങിയതായി പൊലീസ് കണ്ടെത്തി.
ആഡംബര ബൈക്കുകളിൽ കറങ്ങി നടന്ന് വീടുകൾ നിരീക്ഷിച്ച ശേഷമായിരുന്നു മോഷണം. വീടുകളുടെ പിൻവാതിൽ കമ്പിപ്പാര ഉപയോഗിച്ച് കുത്തിത്തുറന്ന് അകത്തുകയറിയാണ് മോഷണം നടത്തിയിരുന്നത്. രാത്രിയും പകലും ഒരുപോലെ മോഷണം നടത്തിയിരുന്നുവെന്നാണ് പൊലീസിന്റെ വിശദീകരണം.




