തിരുവനന്തപുരം: സിഎംആര്‍എല്‍ എക്സാലോജിക്ക് കേസിലെ ഇഡി നീക്കത്തില്‍ ലഘുലേഖ ഇറക്കി ജനങ്ങളോട് വിശദീകരിക്കാന്‍ സിപിഐഎം. ഇഡി സിപിഐഎമ്മിനെതിരെ വേട്ടക്ക് ഇറങ്ങിയിരിക്കുകയാണെന്നും നേരത്തേയും ഇത്തരത്തിൽ പിണറായിയേയും പാർട്ടിയേയും ആക്രമിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നുമാണ് ലഘുലേഖയില്‍ പറയുന്നത്. സിഎംആര്‍എല്‍ കമ്പനിയും ആദായ നികുതി വകുപ്പും തമ്മിലുള്ള തര്‍ക്കമാണ് തുടക്കമെന്നും പാർട്ടി വിശദീകരിക്കുന്നു. ദേശാഭിമാനി പത്രത്തിന്റെ എഡിറ്റോറിയല്‍ പേജിലാണ് ലഘുലേഖയുടെ ചില ഭാഗങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രിയുമായി ചേര്‍ത്ത് വ്യജ പ്രചാരണങ്ങള്‍ ഉണ്ടായി. ടി വീണയ്ക്ക് എതിരായ നീക്കത്തിന് പിന്നില്‍ പിണറായി വിജയന്റെ മകള്‍ എന്ന ഒറ്റക്കാരണമാണെന്നും ലഘുലേഖ വിശദീകരിക്കുന്നു. പത്തുവര്‍ഷം മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന് സിഎംആര്‍എല്ലിന് വഴിവിട്ട ഒരു സഹായവും നല്‍കിയില്ല. എക്സാലോജിക് കേസില്‍ ഒന്നും കിട്ടാതായപ്പോഴാണ് റിയാസിലേക്ക് നീങ്ങിയതന്നും വിശദമായി തന്നെ ലഘുലേഖയില്‍ വ്യക്തമാക്കുന്നു. കോഴിക്കോട്ടെ റെയ്ഡ് മറ്റൊരു ഇടപെടല്‍ ലക്ഷ്യമിട്ടായിരുന്നു. എക്സാലോജിക് കമ്പനിക്കും ടി വീണയ്ക്കുമെതിരായ നടപടി രാഷ്ട്രീയ പ്രേരിതമാണെന്നാണ് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് പുറത്തിറക്കിയ ലഘുലേഖ ചൂണ്ടിക്കാട്ടുന്നത്.




