അനുരാജ് മനോഹറിന്റെ സംവിധാനത്തിൽ ടൊവിനോ തോമസ് നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമായ നരിവേട്ടയിലെ പുതിയ ലിറിക്കൽ വീഡിയോ റിലീസ് ചെയ്തു. മായു മായു മായു മായു മണ്ണെ.. എന്ന ഗാനം ആലപിച്ചിരിക്കുന്നത് ശ്രുതി കെസി ആണ്. വിനു കിടച്ചുള്ളന്റെ വരികൾക്ക് സംഗീതം ഒരുക്കിയിരിക്കുന്നത് ജേക്സ് ബിജോയ് ആണ്.
മെയ് 23ന് തിയറ്ററുകളിൽ എത്തിയ സിനിമയാണ് നരിവേട്ട. പ്രേക്ഷക നിരൂപക പ്രശംസകൾ പിടിച്ചു പറ്റിയ ചിത്രം ഗംഭീര പ്രതികരണങ്ങളോടുകൂടെയാണ് മുന്നേറുന്നത്. ‘മറവികൾക്കെതിരായ ഓർമ്മയുടെ പോരാട്ടം’ എന്ന ടാഗ് ലൈനോടെ എത്തിയ ചിത്രം അതിജീവനത്തിന്റെ ശക്തമായ പ്രതികരണം കൂടിയാണ് പങ്കുവെക്കുന്നത്. മുത്തങ്ങ സമരം, ചെങ്ങര സമരം, പൂയംകുട്ടി സമരം തുടങ്ങിയ സകല സമരങ്ങളോടും ഐക്യപ്പെടുന്ന തരത്തില്‍ അതിലെ കണ്ടെന്റുകളെയെല്ലാം നീതിപൂര്‍വമായി സമീപിച്ചിരിക്കുന്ന സിനിമ കൂടിയാണിത്. ടൊവിനോയുടെ കരിയറിലെ മികച്ച ചിത്രമാണിതെന്നാണ് ആരാധകർ പറയുന്നത്.
സുരാജ് വെഞ്ഞാറമൂടും പ്രശസ്‍ത തമിഴ് സംവിധായകനും നടനുമായ ചേരനും ചിത്രത്തിലെ നിർണ്ണായകമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കേന്ദ്ര സാഹിത്യ ആക്കാദമി അവാർഡ് ജേതാവ് അബിൻ ജോസഫ് ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാർ എന്നിവരും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.




