കൊച്ചി: ചേരാനല്ലൂർ ബെൻസ് അപകടക്കേസിൽ ജഡ്ജിക്കെതിരെ മൊഴി നൽകി കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ മകൾ ഭദ്രകീർത്തി. ക്രൈംബ്രാഞ്ചാണ് ഭദ്രകീർത്തിയുടെ മൊഴി രേഖപ്പെടുത്തിയത്. കേസിലെ പ്രതിയായ 17കാരന്റെ അച്ഛനും വാഹന ഉടമയുമായ ജഡ്ജി തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചെന്നാണ് ഭദ്രകീർത്തിയുടെ പരാതി. കേസുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങളും അന്വേഷണ സംഘത്തോട് വിശദീകരിച്ചിട്ടുണ്ടെന്നും ഭദ്രകീർത്തി പറഞ്ഞു.
സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. അന്വേഷണത്തിൽ പ്രതീക്ഷയുണ്ടെന്നും ഭദ്രകീർത്തി മാധ്യമങ്ങളോട് പ്രതികരിച്ചു. പ്രതിയായ മകനെ രക്ഷിക്കാൻ അച്ഛൻ കൂടിയായ ജഡ്ജി ഇടപെട്ടെന്നാണ് ജയബാലകൃഷ്ണന്റെ കുടുംബത്തിന്റെ ആരോപണം. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് തെളിവുകൾ നശിപ്പിക്കാനും അന്വേഷണം അട്ടിമറിക്കാനും ജഡ്ജി ശ്രമിച്ചെന്നാണ് കുടുംബത്തിന്റെ പ്രധാന പരാതി. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് എ.സി.പി ഭദ്രകീർത്തിയുടെ മൊഴി രേഖപ്പെടുത്തിയത്.
കഴിഞ്ഞ മാസം 25ന് പുലർച്ചെയാണ് ജഡ്ജിയുടെ മകനായ 17കാരൻ ഓടിച്ച ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രക്കാരനായ മഞ്ഞാലി സ്വദേശി ജയബാലകൃഷ്ണൻ (55) മരിച്ചത്. അപകടമുണ്ടാക്കിയ വിദ്യാർഥി സ്ഥിരമായി കാർ ഓടിക്കാറുണ്ടായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. അമിതവേഗത്തിൽ കാർ ഓടിക്കുന്നതിന്റെ ദൃശ്യങ്ങൾ ചിത്രീകരിക്കാനാണ് രാത്രി വൈകി വാഹനവുമായി പുറത്തിറങ്ങിയതെന്നും പൊലീസ് പറയുന്നു. അപകടത്തിന് മുമ്പ് 17കാരൻ മണിക്കൂറിൽ 104 കിലോമീറ്റർ വേഗത്തിൽ കാർ ഓടിക്കുന്നതിന്റെ ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്.



