ന്യൂഡൽഹി: ചീഫ് ഇലക്ഷൻ കമ്മീഷണർക്ക് അനുവദിച്ച സമ്പൂർണ നിയമപരിരക്ഷ ചോദ്യം ചെയ്തുള്ള ഹർജിയിൽ കേന്ദ്രസർക്കാരിനും തെരഞ്ഞെടുപ്പ് കമ്മീഷനും നോട്ടീസ് അയച്ച് സുപ്രീംകോടതി. വിഷയത്തിൽ വിശദീകരണം നൽകാനാണ് കോടതി നിർദേശം. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
2023ലെ ചീഫ് ഇലക്ഷൻ കമ്മീഷണർ ആൻഡ് അദർ ഇലക്ഷൻ കമ്മീഷണേഴ്‌സ് നിയമത്തിലെ സെക്ഷൻ 16 ചോദ്യം ചെയ്താണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. ആർജെഡി എംപി മനോജ് ഝാ, അഭിഭാഷകൻ അരുൺ കുമാർ അഗർവാൾ എന്നിവരാണ് ഹർജിക്കാർ.
ഔദ്യോഗിക ചുമതലകൾ നിർവഹിക്കുന്നതിനിടെ ചെയ്ത പ്രവൃത്തികളുടെ പേരിൽ ചീഫ് ഇലക്ഷൻ കമ്മീഷണർക്കും മറ്റ് തെരഞ്ഞെടുപ്പ് കമ്മീഷണർമാർക്കും പദവിയിലിരിക്കുമ്പോഴും വിരമിച്ച ശേഷവും സിവിൽ, ക്രിമിനൽ നടപടികളിൽ നിന്ന് നിയമപരിരക്ഷ നൽകുന്നതാണ് സെക്ഷൻ 16.
അഴിമതി, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങൾക്കും ഈ നിയമപരിരക്ഷ ബാധകമാകുന്നുവെന്നാണ് ഹർജിക്കാരുടെ പ്രധാന വാദം. നിയമവ്യവസ്ഥ കോടതികളുടെ അധികാരത്തെയും ജുഡീഷ്യൽ പരിശോധനയെയും ബാധിക്കുന്നതായും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
വ്യക്തികൾക്ക് നിയമപരമായ പരിഹാരം തേടാനും നീതിയുക്തമായ അന്വേഷണം ഉറപ്പാക്കാനുമുള്ള അവകാശം ഭരണഘടന ഉറപ്പുനൽകുന്നുണ്ട്. എന്നാൽ സമ്പൂർണ നിയമപരിരക്ഷ ഭരണഘടനയുടെ 14, 21 അനുച്ഛേദങ്ങളുടെ ലംഘനമാണെന്നാണ് ഹർജിക്കാരുടെ വാദം.
ഹർജിയിൽ കേന്ദ്രസർക്കാരിന്റെയും തെരഞ്ഞെടുപ്പ് കമ്മീഷന്റെയും വിശദീകരണം തേടിയ സുപ്രീംകോടതി, കേസ് ഡിസംബർ 18ന് വീണ്ടും പരിഗണിക്കാനായി മാറ്റി.


